Breaking NewsKeralaLead NewsNEWSNewsthen Specialpolitics

‘എന്റെ കുടുംബം തകര്‍ത്തത് ഉമ്മന്‍ചാണ്ടി, കുടുംബം ഇല്ലാതാക്കി, മക്കള്‍ വേര്‍ പിരിഞ്ഞു’; ചാണ്ടി ഉമ്മനു മറുപടിയുമായി ഗണേഷ് കുമാര്‍; ‘സിബിഐക്ക് അനുകൂല മൊഴി നല്‍കിയിട്ടും മന്ത്രിസ്ഥാനത്തില്‍ വഞ്ചനകാട്ടി’

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയാണ് തന്റെ കുടുംബം തകര്‍ത്തെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. മധ്യസ്ഥത വഹിച്ച് തന്റെ കുടുംബം ഇല്ലാതാക്കി. മക്കള്‍ വേര്‍പിരിയാന്‍ കാരണം ഉമ്മന്‍ചാണ്ടിയെന്നും തന്നെ ദ്രോഹിക്കുകയും ചതിക്കുകയും ചെയ്‌തെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ ഇത് ഞാന്‍ പറഞ്ഞില്ല. അന്ന് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സിബിഐക്ക് മൊഴി നല്‍കി. മന്ത്രിസ്ഥാനം മടക്കിനല്‍കാമെന്ന് പറഞ്ഞു വഞ്ചിക്കുകയായിരുന്നെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്‌ക്കെതിരെയും ഗണേഷ് രംഗത്തെത്തി. കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ നടത്തിയ ആരോപണം തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഇത്രയുംകാലം ചാണ്ടി ഉമ്മന്‍ എവിടെയായിരുന്നു? ക്രൈസ്തവ വിഭാഗത്തെ ഇളക്കി വിടുകയാണ് ചാണ്ടിയുടെ ലക്ഷ്യം. കള്ള സാക്ഷി പറയാന്‍ പാടില്ലെന്ന ബൈബിള്‍ വചനവും ഗണേഷ് കുമാര്‍ ഉദ്ധരിച്ചു.

Signature-ad

പ്രകോപനമുണ്ടാകാന്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മനസാക്ഷി ഗണേഷിനോട് ചിലത് ചോദിക്കുന്നുണ്ടാകാം, കുറ്റബോധത്താലുള്ള പ്രതികരണമാണിതെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. കൂടുതല്‍ പറയുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സോളര്‍ കേസില്‍ ഗണേഷ് കുമാര്‍ തന്റെ കുടുംബത്തോട് ഇത്രയും ദ്രോഹം ചെയ്യുമെന്നു ഒരിക്കലും വിചാരിച്ചില്ലെന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്. തന്റെ പിതാവും ആര്‍. ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം അത്രത്തോളം ദൃഡമായിരുന്നെന്നും ഗണേഷ് കുമാറിന്റെ അമ്മയെ താന്‍ ആന്റിയെന്നുമാണ് വിളിക്കാറുള്ളത്.

തന്നെ സ്‌നേഹിച്ചതുപോലെ ഉമ്മന്‍ചാണ്ടി ഗണേഷ്‌കുമാറിനെ സ്‌നേഹിച്ചിട്ടും തന്റെ കുടുംബത്തോട് ക്രൂരതയാണ് കാട്ടിയത്. സോളര്‍ കേസില്‍ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജ് ആയെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. പത്തനാപുരം മാങ്കോട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘടാനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മന്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: