KeralaNEWS

വിരണ്ടോടി പോത്ത്, വീട്ടില്‍ കയറി വയോധികയെ കുത്തി; മണിക്കൂറുകളുടെ ശ്രമത്തിനൊടുവില്‍ പിടിച്ചുകെട്ടി

കോഴിക്കോട്: മൊകവൂരില്‍ വിരണ്ടോടിയ പോത്ത് വീടിനുള്ളില്‍ക്കയറി വയോധികയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നമ്പോല്‍ചിറക്കല്‍ സ്വദേശി സതിക്കാണ് (75) ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ സതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ പിടിച്ചുകെട്ടിയത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം.

എരഞ്ഞിക്കല്‍ സ്വദേശിയുടെ പോത്ത് വിരണ്ടോടി നമ്പോല്‍ചിറക്കലിലെ ബാബുവിന്റെ വീടിനടുത്തേക്ക് ഓടികയറി വീടിന്റെ മുന്നില്‍ ഇരിക്കുകയായിരുന്ന ബാബുവിന്റെ ഭാര്യ ഷൈനിയെയും അമ്മ സതിയെയും ആക്രമിക്കുകയായിരുന്നു. ഷൈനി ഒഴിഞ്ഞുമാറിയെങ്കിലും അമ്മയ്ക്ക് കുത്തേറ്റു. തെറിച്ചുവീണ സതിക്ക് തലയ്ക്ക് പരിക്കേറ്റു. വീടിനുള്ളില്‍ കയറിയ പോത്ത് വീണ്ടും അക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരനായ ബിജു പോത്തിനെ പിന്നില്‍ നിന്ന് അടിച്ചതിനെ തുടര്‍ന്ന് പോത്ത് പുറത്തേക്ക് ഓടി.

Signature-ad

തുടര്‍ന്ന് റോഡിലൂടെ നടന്നു പോയ ഒരാളെയും പോത്ത് ആക്രമിച്ചു. ഇയാളുടെ കാലിന് പരിക്കുണ്ട്. റോഡരികില്‍ നിര്‍ത്തിയിട്ട രണ്ട് ഇരുചക്രവാഹനങ്ങള്‍ മറിച്ചിട്ടു. പോത്തിനെ ഉടമയും ഫയര്‍ഫോഴ്‌സുമെത്തി പിടിച്ചുകെട്ടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പഴയ ഉടമയെത്തിയാണ് നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ പോത്തിനെ പിടിച്ചുകെട്ടിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാളുടെ പക്കല്‍ നിന്നും എരഞ്ഞിക്കല്‍ സ്വദേശി പോത്തിനെ വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: