ആലപ്പുഴ: നാളുകളായി ആലപ്പുഴ, കൊല്ലം ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം ശൂരനാട് സ്വദേശി പക്കി സുബൈര്‍ (51) മാവേലിക്കര പോലീസിന്റെ പിടിയിലായി. മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ മാവേലിക്കര റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിലൂടെ നടന്നു വന്ന സുബൈറിനെ കണ്ട് സംശയം തോന്നിയ ഗേറ്റ് കീപ്പറാണ് പോലീസിനെ അറിയിച്ചതെന്ന് സൂചനയുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ നൂറോളം മോഷണങ്ങളില്‍ നിന്നായി ഏഴ് ലക്ഷത്തിലധികം രൂപ സുബൈര്‍ അപഹരിച്ചതായാണ് പോലീസിന്റെ കണക്ക്.
2022 ജനുവരിയില്‍ ഹരിപ്പാട്ടും കരുവാറ്റയിലുമായി മോഷണപരമ്പരതന്നെ സുബൈര്‍ നടത്തിയിരുന്നു. ഈ മോഷണങ്ങളുടെ പേരില്‍ അറസ്റ്റിലായി ജയിലിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പിന്നാലെ പഴയ സ്ഥലങ്ങളില്‍ത്തന്നെ മോഷണത്തിനിറങ്ങുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കരുവാറ്റയില്‍ അഞ്ചു കടകളിലും ഹരിപ്പാട്ട് രണ്ടു കടകളിലും ചില വീടുകളിലും മോഷണം നടത്തി. നിരവധി വീടുകളില്‍ മോഷണശ്രമങ്ങളും നടന്നു. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് പക്കി സുബൈറിനെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഇയാളെ പിടികൂടാന്‍ പോലീസിനായിരുന്നില്ല. ദേശീയപാതയോരത്ത് ആര്‍.കെ.ജങ്ഷനിലെ കട കുത്തിത്തുറന്നു മോഷണം നടത്തിയത് ഈ അടുത്തിടെയാണ്.
രാത്രിയിലെ ട്രെയിനുകളില്‍ വന്നിറങ്ങി ട്രാക്കിലൂടെ നടന്നാണ് പക്കി സുബൈര്‍ പ്രധാനമായും മോഷണം നടത്തുന്നത്. കൊല്ലമാണ് ഇയാളുടെ താവളം. ഹരിപ്പാട്ടെ പോലീസ് സംഘം പ്രതിയെത്തേടി ഇവിടെ വ്യാപകമായി തിരച്ചില്‍ നടത്തുമ്പോഴായിരുന്നു കൊല്ലത്തെ മോഷണം. എന്നാല്‍, അതേദിവസം പുലര്‍ച്ചെ ഹരിപ്പാട്ടെത്തി ഇവിടെയും മോഷണം നടത്തി. ഒറ്റയ്ക്കാണ് മോഷണം നടത്തുന്നതെന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും ഇയാളെ കണ്ടെത്താന്‍ പോലീസിനു മുമ്പില്‍ വന്‍വെല്ലുവിളിയായിരുന്നു.
റെയില്‍വേ സ്റ്റേഷനുകള്‍ക്കു സമീപത്തെ കുറ്റിക്കാടുകളില്‍ ഒളിച്ചിരിക്കാന്‍ വിദഗ്ധനാണ്. മുന്‍പ് അകംകുടി ഭാഗത്ത് മോഷണം വ്യാപകമായപ്പോള്‍ ഹരിപ്പാട്ടെ പോലീസ് സംഘം ഇടപെട്ട് റെയില്‍വേ ട്രാക്കിന് ഇരുവശത്തെയും കുറ്റിക്കാടുകള്‍ വെട്ടിമാറ്റിയിരുന്നു.
മോഷണം കഴിഞ്ഞാല്‍ കുളിക്കുന്നത് പക്കി സുബൈറിന്റെ ശീലമാണെന്നു പോലീസ് പറയുന്നു. ഇത്തവണ ഹരിപ്പാട്ടും കരുവാറ്റയിലും മോഷണത്തിനുശേഷം ഇതേ ശീലം ആവര്‍ത്തിച്ചു. കിണറ്റില്‍നിന്ന് വെള്ളംകോരി കുളിക്കുന്നതാണു പതിവ്. അല്ലെങ്കില്‍ വീടിനു പുറത്തെ കുളിമുറി ഉപയോഗിക്കും.