Social MediaTRENDING

‘മോര്‍ഫിങ് വീഡിയോ കണ്ട് ഞെട്ടിപ്പോയി, ജയില്‍ ജീവിതം പലതും പഠിപ്പിച്ചു’

യുവജനോത്സവ വേദിയില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ നടിയാണ് ശാലു മേനോന്‍. 1998-ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. നര്‍ത്തകിയെന്ന നിലയിലും ശ്രദ്ധ നേടി.

നൃത്ത വിദ്യാലയവുമായി കലാരംഗത്ത് സജീവമായിരുന്ന കാലത്താണ് വിവാദങ്ങളും പ്രതിസന്ധികളും താരത്തിന്റെ ജീവിതത്തിലുണ്ടായത. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 49 ദിവസം ശാലു മേനോന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ആ ദിവസങ്ങളിലെ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശാലു മേനോന്‍.

Signature-ad

ജയിലില്‍ കിടന്നപ്പോള്‍ പലതരം മനുഷ്യരെ കാണാന്‍ സാധിച്ചു. പലതും പഠിച്ചു. എല്ലാവരേയുംപോലെ തറയില്‍ പായ വിരിച്ചാണ് കിടന്നുറങ്ങിയിരുന്നതെന്നും ശാലു പറയുന്നു. അന്ന് അമ്മയും അമ്മൂമ്മയും തന്റെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളുമാണ് കൂടെ നിന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

‘സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ എന്റെ ജീവിതത്തില്‍ അനുഭവിച്ചത്. ഞാന്‍ ജയിലില്‍ കിടന്നതിന്റെ പേരില്‍ നിരവധി ആളുകള്‍ എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. പലരും എന്നെ സീരിയലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതൊക്കെ ജീവിതത്തില്‍ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലത്തയാളാണ്. അതിന്റെ പേരില്‍ ഞാന്‍ വിഷമിച്ചിരിക്കേണ്ട കാര്യമില്ലല്ലോ. സത്യസന്ധമായി പോകുകയാണെങ്കില്‍ ഒരു കലാകാരിയെ തോല്‍പ്പിക്കാന്‍ പറ്റില്ല. നല്ലൊരു തൊഴില്‍ നമ്മുടെ കൈയിലുണ്ട്. നൃത്തധ്യാപികയാണ്. കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള കഴിവ് എനിക്കുണ്ട്. അങ്ങനെ മുന്നോട്ടുപോകണമെന്ന തീവ്രമായ ആഗ്രഹം എന്നിലുണ്ടായി.

പല തരത്തിലുള്ള ആളുകളെ ജയിലില്‍ കണ്ടു. 49 ദിവസം അവിടെ കിടന്നു. പലരുടേയും വിഷമങ്ങള്‍ മനസിലാക്കി. നടി എന്ന രീതിയിലുള്ള പരിഗണനയൊന്നും ലഭിച്ചിരുന്നില്ല. എല്ലാവരേയുംപോലെ തറയില്‍ പായ വിരിച്ചാണ് കിടന്നിരുന്നത്. എന്റെ കൂടെ ഒരാളെ ഉണ്ടായിരുന്നുള്ളു. അതൊരു പ്രായമായ അമ്മയായിരുന്നു. നാല് വര്‍ഷമായി അവര്‍ ജയിലിലാണ്. ജാമ്യം കിട്ടിയിട്ടും അവരെ കൊണ്ടുപോകാന്‍ ആരുമില്ല. മകന് അമ്മയെ വേണ്ട. ഞാന്‍ ജയിലില്‍ നിന്ന് ഇറങ്ങിയിട്ടും ഇപ്പോഴും ആ അമ്മ മകനെ പ്രതീക്ഷിച്ച് അവിടെ കഴിയുകയാണ്. അധികം ആരേയും വിശ്വസിക്കരുത് എന്ന പാഠം ഞാന്‍ പഠിച്ചു.

അറസ്റ്റുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അന്ന് ന്യൂസ് കവര്‍ ചെയ്യാന്‍ വന്ന മീഡിയയ്ക്ക് ഞാന്‍ ചായ വരെ കൊടുത്തിരുന്നു. അറസ്റ്റ് ചെയ്യുമോയെന്ന് പേടിച്ച് കുടുംബക്കാര്‍ വരെ മാറി നിന്നു. എന്റെ ജീവിതം വേണമെങ്കില്‍ ഒരു പുസ്തകമാക്കി മാറ്റാം.’- അഭിമുഖത്തില്‍ ശാലു പറയുന്നു.

തന്റെ മോര്‍ഫിങ് വീഡിയോയെ കുറിച്ചും ശാലു സംസാരിച്ചു. അന്ന് ആ വീഡിയോ കണ്ട് താന്‍ ഞെട്ടിപ്പോയെന്നും അത് മോര്‍ഫിങ്ങാണെന്ന് പലരും വിശ്വസിച്ചില്ലെന്നും ശാലു പറയുന്നു. 2009-ലാണ് ആ വീഡിയോ പുറത്തു വന്നത്. ഇന്നാണെങ്കില്‍ അത് മോര്‍ഫിങ്ങാണെന്ന് പലര്‍ക്കും മനസിലാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Back to top button
error: