തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ രാഷ്ട്രീയപ്പോര് കനക്കുമ്പോള്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോയപ്പോള്‍ 6000 കോടിരൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാട് ആണെന്നായിരുന്നു എല്‍ഡിഎഫ് ആരോപണം. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരും പദ്ധതിയുമായി മുന്നോട്ടുപോയി. എല്‍ഡിഎഫ് നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. 2015 ഡിസംബര്‍ അഞ്ചിനാണ് ഉമ്മന്‍ചാണ്ടി തുറമുഖത്തിന് തറക്കല്ലിട്ടത്. പൂര്‍ത്തീകരിച്ചത് പിണറായി സര്‍ക്കാരും.
ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത്:” ഒരു കാര്യം വ്യക്തമാണ്. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഈ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കും, യാതൊരു സംശയവും വേണ്ട. നിങ്ങള്‍ ഏത് സംശയവും പറഞ്ഞോളൂ. ഏത് നിര്‍ദേശവും വച്ചോളൂ. അതൊക്കെ സ്വീകരിക്കാവുന്നത് മുഴുവന്‍ സ്വീകരിക്കാന്‍ തയാറാണ്. അഴിമതി ആരോപണം ഉന്നയിച്ച് ഇത് ഇല്ലാതാക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ല എന്നു പറയാന്‍ ആഗ്രഹിക്കുകയാണ്”.