CrimeNEWS

കയറിപ്പിടിക്കാന്‍ ശ്രമിച്ചത് മറിയം റഷീദ എതിര്‍ത്തു; ചാരക്കേസ് സി.ഐയുടെ ‘കൊതിക്കെറുവിന്റെ’ ഉല്‍പ്പന്നം

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസിന് പിന്നില്‍ ഗൂഢാലോചന നടത്തിയത് അന്നത്തെ സ്‌പെഷ്യല്‍ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്മാര്‍ട്ട് വിജയന്‍ എന്ന എസ്. വിജയനാണെന്ന ആരോപണവുമായി സി.ബി.ഐ കുറ്റപത്രം. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണിക്കാര്യം പറയുന്നത്. മാലിവനിത മറിയം റഷീദയെ വിജയന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചത് അവര്‍ എതിര്‍ത്തതാണ് ഗൂഢാലോചനയിലേക്ക് നീങ്ങിയതെന്നാണ് സി.ബി.ഐ. കണ്ടെത്തല്‍.

1994 ഒക്ടോബര്‍ 10-ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലെത്തിയ മറിയം റഷീദ, ഫൗസിയ ഹസ്സന്‍ എന്നിവരുടെ പാസ്‌പോര്‍ട്ടും ടിക്കറ്റും സ്‌പെഷ്യല്‍ബ്രാഞ്ച് സി.ഐ. ആയിരുന്ന വിജയന്‍ വാങ്ങിവെച്ചു. രണ്ടുദിവസത്തിനുശേഷം വിജയന്‍ മറിയം റഷീദ താമസിച്ച ഹോട്ടലിലെത്തി അവരെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇത് അവര്‍ എതിര്‍ത്തു. അവിടെനിന്ന് മടങ്ങിയ വിജയന്‍ അവര്‍ എല്‍.പി.എസ്.സിയിലെ ശാസ്ത്രജ്ഞനുമായി നിരന്തരം ബന്ധപ്പെടുന്നുവെന്ന് മനസ്സിലാക്കി. ഇക്കാര്യം സിറ്റി പോലീസ് കമ്മിഷണര്‍ ആയിരുന്ന ആര്‍. രാജീവനെയും എസ്.ഐ.ബി. അസിസ്റ്റന്റ് ഡയറക്ടറായ ആര്‍.ബി. ശ്രീകുമാറിനെയും അറിയിച്ചു. ഒക്ടോബര്‍ 17-വരെ വിസയും ടിക്കറ്റും മടക്കിനല്‍കാതെ അവരെ തടഞ്ഞുെവച്ച വിജയന്‍ ഫോറിനേഴ്‌സ് ആക്ട് പ്രകാരം മറിയത്തിനെതിരേ കേസെടുത്തു. 20-ന് ഓഫീസില്‍ വിളിച്ചുവരുത്തി അറസ്റ്റുചെയ്തു. ആ സമയം മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും സ്റ്റേഷനിലുണ്ടായിരുന്നു.

Signature-ad

അടുത്തദിവസംമുതല്‍ ചാരക്കേസ് കഥകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. മറിയം റഷീദയെ അറസ്റ്റുചെയ്ത് 23 ദിവസം കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. എങ്ങനെയാണ് വാര്‍ത്ത ലഭിച്ചിരുന്നതെന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചപ്പോള്‍ വിവരങ്ങള്‍ ലഭ്യമാക്കിയത് വിജയനാണെന്ന് വ്യക്തമായി.

ആദ്യ അറസ്റ്റു മുതല്‍ 12 ദിവസം പോലീസ് കസ്റ്റഡി ലഭിച്ചിട്ടും വിജയന്‍ കൂടുതല്‍ദിവസം കസ്റ്റഡിവേണമെന്ന ആവശ്യം ഉന്നയിച്ചെന്നും അന്നത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹബീബുള്ള മൊഴിനല്‍കിയിരുന്നു. നിയമപരമായി അതിന് സാധ്യതയില്ലെന്ന് വ്യക്തമാക്കിയപ്പോള്‍ കസ്റ്റഡികാലാവധി തീരുന്നതിന് തൊട്ടുമുന്‍പ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തു. താന്‍ നിര്‍ദേശിച്ചിട്ടാണ് ചാരക്കേസ് രജിസ്റ്റര്‍ചെയ്തതെന്ന് വിജയന്‍ കേസ് ഡയറിയില്‍ എഴുതിവെച്ചത് കളവാണെന്നും ഹബീബുള്ള മൊഴിനല്‍കിയതായി കുറ്റപത്രത്തിലുണ്ട്.

സുപ്രീംകോടതി നര്‍ദേശപ്രകാരമാണ് ചാരവൃത്തിക്കേസിന് പിന്നിലെ ഗൂഢാലോചന സി.ബി.ഐ. വീണ്ടും അന്വേഷിച്ചത്. ഏതാനും ദിവസംമുമ്പാണ് സി.ബി.ഐ ഡല്‍ഹി യൂണിറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

 

Back to top button
error: