CrimeNEWS

സ്ത്രീധനത്തില്‍ 40 പവന്‍ കുറഞ്ഞു; കെട്ടിന്റെ ആറാം നാള്‍ മുതല്‍ ക്രൂരമര്‍ദനം, പ്രതികളെ പിടികൂടാതെ പൊലീസ്

മലപ്പുറം: വേങ്ങരയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നവവധുവിന് ക്രൂര മര്‍ദനമെന്ന് പരാതി. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ ഭര്‍ത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മര്‍ദിച്ചിരുന്നതായി യുവതി പറയുന്നു. സ്ത്രീധനത്തിന്റെ പേരിലും പരപുരുഷ ബന്ധമുണ്ടെന്ന സംശത്തിന്റെ പേരിലുമായിരുന്നു മര്‍ദനം. മെയ് രണ്ടിനായിരുന്നു യുവതിയും ഫായിസും തമ്മിലുള്ള വിവാഹം.

ഉപദ്രവം കൂടിയതോടെ മെയ് 22ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി 23ന് മലപ്പുറം വനിത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ ഭര്‍ത്താവ് മുഹമ്മദ് ഫായിസ്, മുഹമ്മദിന്റെ മതാപിതാക്കളായ സീനത്ത്, സെയ്തലവി എന്നിവരെയും പ്രതി ചേര്‍ത്ത് കേസെടുത്ത് കേസ് വേങ്ങര പൊലീസിന് കൈമാറിയെങ്കില്‍ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ലെന്ന് യുവതി പറയുന്നു.

Signature-ad

വിവാഹസമ്മാനമായി നല്‍കിയ 50 പവര്‍ സ്വര്‍ണം കുറഞ്ഞു പോയെന്നും 25 പവന്‍ അധികമായി വേണമെന്നും പറഞ്ഞായിരുന്നു മര്‍ദനം. മര്‍ദന വിവരം പുറത്തു പറഞ്ഞാല്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ആത്മഹത്യ ചെയ്യുമെന്നും യുവതിയെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ചും തലവണകൊണ്ട് ശ്വാസം മുട്ടിച്ചും കൊല്ലാം ശ്രമം നടത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ യുവതിയുടെ നട്ടെല്ലിനു ക്ഷതമേറ്റുണ്ട്. അടിവയറ്റിലും മര്‍ദനമേറ്റു.

പരുക്കേറ്റപ്പോള്‍ ഭര്‍തൃവീട്ടുകാര്‍ നാലു തവണ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചതിന്റെ രേഖകളടക്കം ഹാജരാക്കിയിട്ടും നടപടിയെടുക്കാനോ പ്രതികളെ പിടികൂടാനോ പൊലീസ് തയ്യാറായിട്ടില്ലെന്ന് യുവതി പറയുന്നു. ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നല്‍കിയിരുന്നു. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നതായും യുവതിയുടെ കുടുംബം ആരോപിക്കുന്നു.

മലപ്പുറം വനിത പൊലീസില്‍ നല്‍കിയ പരാതിയില്‍ വധശ്രമമുള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനിടെ മുഹമ്മദ് ഫായിസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി സെഷ്ന്‍സ് കോടതി തള്ളിയിരുന്നു. പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികള്‍ക്കെതിയെ യാതൊരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് കുടുംബം.

 

Back to top button
error: