ധനകാര്യമന്ത്രിയുടെ ചികിത്സയ്ക്കായി ചെലവഴിച്ച തുക സർക്കാർ അനുവദിച്ചതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദം ഉണ്ടാക്കാനാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ ഒരാഴ്ചയിലേറെ കാലം അദ്ദേഹം ചികിത്സ തേടിയിരുന്നു. ഇതിന്റെ ചികിത്സാ ചെലവുകൾ മുഴുവൻ ആശുപത്രിയിൽ ഒടുക്കിയശേഷം അത് റീ ഇംബേഴ്സ് ചെയ്യുന്നതിനായി സർക്കാരിന് അപേക്ഷ നൽകിയിരുന്നു. എം.എൽ.എ എന്ന നിലയിൽ അനുവദിക്കപ്പെട്ട ആനുകൂല്യത്തിനാണ് അപേക്ഷ നൽകിയത്. എല്ലാ എം.എൽ.എ മാർക്കും അവരുടെ ചികിത്സാ ചെലവുകൾ പരിധിയില്ലാതെ റീ ഇംബേഴ്സ് ചെയ്യുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. മുൻ എം.എൽ.എ മാർക്കും ഇതേപടി തന്നെ ചികിത്സാ ആനുകൂല്യം നിലനിർത്തിയിട്ടുണ്ട്. ഇത് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ എം.എൽ.എമാരും മുൻ എം.എൽ.എമാരും ഉപയോഗിക്കുന്ന ഒരാനുകൂല്യമാണ്. ഇതനുസരിച്ചാണ് ധനകാര്യ മന്ത്രി തന്റെ ചികിത്സാ ചെലവ് റീഇംബേഴ്സ് ചെയ്യാൻ അപേക്ഷ നൽകിയത്. മുമ്പ് പ്രതിപക്ഷത്തെ ഒരു എം.എൽ.എ 98 ലക്ഷം രൂപവരെ ചികിത്സാ ചെലവായി റീഇംബേഴ്സ് ചെയ്ത ചരിത്രവുമുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചെലവായിട്ടുള്ള തുകകൾക്കുള്ള ബില്ലുകൾ ആശുപത്രി അധികാരികളുടെ സാക്ഷ്യപ്പെടുത്തലോടുകൂടിയാണ് ധനകാര്യമന്ത്രി സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. അദ്ദേഹം സമർപ്പിച്ച ചികിത്സാ ചെലവിലെ പ്രധാന ഇനം സ്റ്റെന്റിന്റെ വിലയാണ്.
ധനകാര്യമന്ത്രി മുൻ എം.പിയാണ്. രാജ്യത്തിനകത്തുള്ള സ്വകാര്യ ആശുപത്രികളടക്കം സൗജന്യ ചികിത്സാ ആനുകൂല്യം മുൻ എം.പിമാർക്ക് ഉണ്ട്. എന്നാൽ അദ്ദേഹം സർക്കാരിന് കീഴിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെയാണ് തനിക്കാവശ്യമായ അവശ്യ വിദഗ്ദ്ധ ചികിത്സ തേടിയത്. ഈ വസ്തുതകളെല്ലാം മറച്ചുവെച്ചാണ് ചില കേന്ദ്രങ്ങളിൽ നിന്ന് അപവാദ പ്രചരണത്തിനുള്ള ശ്രമങ്ങൾ നടത്തുന്നത് എന്നതാണ് വസ്തുത .