IndiaNEWS

കാവിയില്‍നിന്ന് മഞ്ഞയിലേക്ക്; രാമക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് പുതിയ ഡ്രസ് കോഡ്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് പുതിയ ഡ്രസ് കോഡ്. കാവി നിറത്തിലുള്ള വസ്ത്രങ്ങള്‍ക്ക് പകരം പരമ്പരാഗത രീതിയിലുള്ള മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ഉത്തരവ്. ക്ഷേത്രത്തിനകത്ത് പൂജാരിമാര്‍ മൊബൈല്‍ ഫോണ്‍ കൈവശം വെക്കരുതെന്നും ക്ഷേത്രം ട്രസ്റ്റ് ഉത്തരവില്‍ പറഞ്ഞു.

പുതിയ ഡ്രസ് കോഡ് പ്രകാരം, മഞ്ഞ നിറത്തിലുള്ള ധോത്തി, ചൗബന്ദി, തലപ്പാവ് എന്നിവയാണ് പൂജാരിമാര്‍ ധരിക്കേണ്ടത്. ഇതുവരെ കാവി നിറത്തിലുള്ള വസ്ത്രങ്ങളാണ് രാമക്ഷേത്രത്തിലെ പൂജാരിമാര്‍ ധരിച്ചിരുന്നത്. പരുത്തി കൊണ്ട് നിര്‍മിച്ച തലപ്പാവാണ് ഇനി മുതല്‍ പൂജാരിമാര്‍ ധരിക്കേണ്ടത്. ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെയാണെന്ന് ക്ഷേത്രാധികാരികള്‍ പൂജാരിമാര്‍ക്ക് പരിശീലനം നല്‍കി.

Signature-ad

ചൗബന്ദി (കുര്‍ത്ത)യില്‍ ബട്ടണുകള്‍ക്ക് പകരം നേര്‍ത്ത കയറുകളാണ് ഉണ്ടാവുക. കണങ്കാല്‍ വരെയുള്ള ധോത്തികള്‍ മാത്രമേ ധരിക്കാന്‍ പാടുള്ളൂവെന്നും ഉത്തരവുണ്ട്.

ഇതിനുപുറമെ, രാമക്ഷേത്രത്തില്‍ മുഖ്യ പൂജാരിക്ക് കീഴില്‍ നാല് സഹപൂജാരിമാര്‍ കൂടെയുണ്ട്. ഇവരുടെ കീഴില്‍ അഞ്ച് വീതം ട്രെയിനി പൂജാരിമാരെ നിയോഗിക്കാനും ട്രസ്റ്റ് തീരുമാനിച്ചു. പുലര്‍ച്ചെ 3.30 മുതല്‍ രാത്രി 11 വരെ മുഖ്യ പൂജാരിയുടെ സേവനമുണ്ടാകണം. സഹപൂജാരിമാരുടെ ഓരോ സംഘവും അഞ്ച് മണിക്കൂര്‍ സേവനം നല്‍കണമെന്നും ട്രസ്റ്റ് ഉത്തരവില്‍ പറയുന്നു.

അതേസമയം സുരക്ഷാ നടപടികളുടെ ഭാഗമായാണ് മൊബൈല്‍ കൈവശം വെക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ക്ഷേത്ര അധികൃതര്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ സമീപകാല ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് തീരുമാനം.

ദിവസങ്ങള്‍ക്ക് മുമ്പ് രാമക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ അനാസ്ഥയുണ്ടെന്ന് ആരോപിച്ച് ക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് മേല്‍ക്കൂരയില്‍ നിന്നും വെള്ളം ചോരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയില്ലെന്നായിരുന്നു രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്യുടെ പ്രതികരണം. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അജയ് ചൗഹാന്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ ചോര്‍ച്ചയില്‍ ആറ് ഉദ്യോഗസ്ഥരെ ട്രസ്റ്റ് സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി.

 

Back to top button
error: