KeralaNEWS

പത്താം ക്ലാസ് വിവാദത്തില്‍ ശിവന്‍കുട്ടിക്ക് കടുത്ത അതൃപ്തി; സജി ചെറിയാനെ മുഖ്യമന്ത്രി ശാസിച്ചേക്കും

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ പരാമര്‍ശത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കടുത്ത അതൃപ്തിയില്‍. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനേയും അറിയിക്കും. വാ വിട്ട വാക്കുകള്‍ ഭരണത്തെ പ്രതിസന്ധിയിലാക്കുമെന്നും ഇത് നിയന്ത്രിച്ചേ മതിയാകൂവെന്നുമാണ് ശിവന്‍കുട്ടിയുടെ നിലപാട്. മുഖ്യമന്ത്രിയും പ്രസ്താവന ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാക്കി മുമ്പോട്ട് പോകേണ്ടതുണ്ടെന്നാണ് സജി ചെറിയാന്‍ പ്രസ്താവനയില്‍ സിപിഎമ്മിലെ ഭൂരിപക്ഷ നിലപാട്.

എസ്എസ്എല്‍സി കഴിഞ്ഞ് ഉപരിപഠനത്തിനു യോഗ്യത നേടുന്ന വിദ്യാര്‍ഥികളുടെ നിലവാരം സംബന്ധിച്ചുള്ള പ്രതികരണമാണ് ശിവന്‍കുട്ടിയെ ചൊടിപ്പിച്ചത്. പല കുട്ടികള്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശം തിരുത്തി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തന്നെ എത്തി. സജി ചെറിയാന്റെ പല പ്രസ്താവനകളും ഇതിന് മുമ്പ് സര്‍ക്കാരിന് തലവേദനായി. ഭരണ ഘടനയിലും കൃഷിക്കാരുമായും ബന്ധപ്പെട്ട് പറയാന്‍ പാടില്ലാത്തത് സജി ചെറിയാന്‍ പറഞ്ഞു. ഒരു ഘട്ടത്തില്‍ മന്ത്രിസ്ഥാനം പോലും രാജിവയ്ക്കേണ്ടി വന്നു. എന്നിട്ടും പാഠം പഠിച്ചില്ലെന്ന വിലയിരുത്തലാണ് ശിവന്‍കുട്ടിക്കുള്ളത്.

Signature-ad

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉചിതമായ തീരുമാനം എടുക്കും. മന്ത്രി സജി ചെറിയാനെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ശാസിച്ചേക്കും. ഭാവിയില്‍ പാടില്ലാത്തത് പറയരുതെന്ന സന്ദേശവും നല്‍കും. പ്രതിപക്ഷത്തിന് അടിക്കാന്‍ വടികൊടുക്കുന്നതാണ് സജി ചെറിയാന്റെ പ്രസ്താവനയെന്ന വിലയിരുത്തല്‍ സിപിഎം ഉന്നതര്‍ക്കുമുണ്ട്. ഇക്കാര്യത്തില്‍ സജി ചെറിയാന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കൂടുതല്‍ വിശദീകരണവും നല്‍കേണ്ടി വന്നേക്കും.

”എസ്എസ്എല്‍സി പാസായ പല കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ല. ജയിച്ചവരില്‍ നല്ലൊരു ശതമാനത്തിന്റെയും സ്ഥിതി ഇതാണ്. പണ്ടൊക്കെ എസ്എസ്എല്‍സിക്ക് 210 മാര്‍ക്കു കിട്ടുന്നതു തന്നെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും പത്താം ക്ലാസ് പരീക്ഷ തോറ്റാല്‍ സര്‍ക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയക്കാര്‍ സമരത്തിനിറങ്ങും. അതുകൊണ്ട് എല്ലാവരെയും ജയിപ്പിക്കുകയാണ്.”-ഇതാണ് സജി ചെറിയാന്‍ പറഞ്ഞത്. കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരത്തില്‍ ചര്‍ച്ച നടക്കുമ്പോഴാണ് സജി ചെറിയാന്റെ വിവാദ പരാമര്‍ശം. പത്താംക്ലാസികള്‍ കുട്ടികളെ വെറുതെ ജയിപ്പിക്കുന്നുവെന്ന ആരോപണം സജീവമായ കാലത്താണ് മന്ത്രി തന്നെ ഇങ്ങനെ പറഞ്ഞത്.

ഇത് ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് മന്ത്രി ശിവന്‍കുട്ടി പറയുന്നു. ”അക്കാദമിക മികവിന്റെ മേഖലയില്‍ വിട്ടുവീഴ്ചയ്ക്കില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വികസന സൂചികയില്‍ കേരളം മുന്നിലുണ്ട്. സജി ചെറിയാന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്താണ് ചിലര്‍ വിവാദത്തിന് ശ്രമിക്കുന്നത്. സ്‌കൂള്‍ പഠനമേഖലയില്‍ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണ്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥി മലയാളം അക്ഷരമാല പഠിച്ചിരിക്കണമെന്ന് ഉറപ്പുള്ള പദ്ധതികളാണു സര്‍ക്കാരിന്റേത്.”-ഇതാണ് ശിവന്‍കുട്ടിയുടെ വിശദീകരണം.

സജി ചെറിയാന്‍ തള്ളാതെ പൊതുസമൂഹത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴും സജി ചെറിയാന്റേത് അതിരുവിട്ട വിമര്‍ശനമാണെന്ന് മന്ത്രി ശിവന്‍കുട്ടിയും സമ്മതിക്കുന്നു. മറ്റ് വകുപ്പുകളെ പ്രതിസന്ധിയിലാക്കുന്ന അഭിപ്രായങ്ങള്‍ ആരും നടത്തരുതെന്നാണ് ശിവന്‍കുട്ടിയുടെ നിലപാട്. പത്താംക്ലാസ് വിഷയത്തില്‍ സജി ചെറിയാന്‍ എടുത്ത നിലപാട് ശരിയായില്ലെന്ന് തന്നെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായം.

 

 

Back to top button
error: