തിരുവനന്തപുരം: കുപ്രസിദ്ധ ക്രിമിനല്‍ ഗുണ്ടുകാട് സാബുവിന്റെ ജീവിതമാണ് പൃഥ്വിരാജിന്റെ ‘കാപ്പ’ ആയി മാറിയത്. ഷാജി കൈലാസ് ചിത്രം വമ്പന്‍ വിജയവുമായി. ഇതോടെ ചൂഴാറ്റുകോട്ട അമ്പിളിയും തന്റെ കഥ സിനിമയാകണമെന്ന് ആഗ്രഹിച്ചു. അങ്ങനെ ചില സുഹൃത്തുക്കളിലൂടെ ചില തിരക്കഥാകൃത്തുക്കളെ സ്വാധീനിച്ചു. മാഫിയാ ജീവിതം സിനിമയാക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അമ്പിളിയെന്ന സുനില്‍കുമാര്‍ കൊലക്കേസില്‍ കുടുങ്ങുന്നത്. ക്വാറി ഉടമ മലയിന്‍കീഴ് സ്വദേശി ദീപുവിനെ (46) കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഗുണ്ടാ നേതാവ് ചൂഴാറ്റുകോട്ട അമ്പിളിയ്ക്കൊപ്പം വമ്പന്‍ ഗുണ്ടാ സംഘം ഇപ്പോഴുമുണ്ട്. ദീപുവിന്റെ കൊലയിലും ഈ മാഫിയാ ഇടപെടല്‍ വ്യക്തമാണ്.
സിനിമയെ വെല്ലുന്നതാണ് അമ്പിളിയുടെ ക്രിമിനല്‍ ജീവിതം. എസ്‌ഐ പരീക്ഷ പാസായി ഗുണ്ടയായി മാറിയ കഥ. ചാലാ കമ്പോളത്തിലെ അടിയില്‍ തുടങ്ങുന്ന ജീവിതത്തില്‍ കൊലക്കേസുകളുമുണ്ടായി. മുംബൈ ജീവിതവും അനിശ്ചിതത്വങ്ങളുടേതാണ്. ഇതെല്ലാം വെള്ളിത്തരയില്‍ മിന്നിമറിയുമെന്നത് കാണാന്‍ അമ്പിളി ആഗ്രഹിച്ചിരുന്നു. തന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചിത്രീകരിക്കാന്‍ മാസങ്ങള്‍ക്കു മുന്‍പ് ചിലര്‍ സമീപിച്ചിരുന്നതായി അമ്പളി തമിഴ്നാട് പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്. ദീപുവിന്റെ കൊലയില്‍ ഇപ്പോഴും ചില ആശയക്കുഴപ്പങ്ങളുണ്ട്. ഇന്‍ഷുറന്‍സിനായി ദീപു തന്നെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് അമ്പിളി പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് 3.85 കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് ദീപു എടുത്തിരുന്നതായി പൊലീസ് കണ്ടെത്തി. ഇത് അമ്പിളിക്കും അറിയാമായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട തിയറി പൂര്‍ണ്ണമായും തള്ളാനും കഴിയുന്നില്ല. അമ്പിളിയുടെ മൊഴി തമിഴ്നാട് പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. അമ്പിളിയുടെ ക്രിമിനല്‍ പശ്ചാത്തലമാണ് ഇതിന് കാരണം.
മാസങ്ങള്‍ നീണ്ട ആസൂത്രണവും നടന്നു. ഇരുവരും സൗഹൃദത്തിലായിരുന്നു. ഒരു വര്‍ഷമായി ദീപുവും അമ്പിളിയും പലയിടത്തായി ഒത്തു കൂടിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി കൂടുതല്‍ അടുപ്പവും വന്നു. അമ്പിളിയുടെ വീട്ടിലും നിത്യ സന്ദര്‍ശകനായി. ഇതെല്ലാം ബോധപൂര്‍വ്വം ദീപുവില്‍ വിശ്വാസ്യത നേടാനുള്ള അമ്പിളിയുടെ തന്ത്രമായിരുന്നു. കൊടും ക്രിമിനലാണ് അമ്പിളി. അമ്മയ്ക്കൊരുമകന്‍ സോജുവുമായി നിരന്തരം ഏറ്റമുട്ടലുകള്‍ നടത്തിയ ഗുണ്ട്. സോജുവിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചതോടെയാണ് അമ്പിളിയും പതിയെ ഒതുങ്ങിയത്. സോജു സ്ഥിരമായി അഴിക്കുള്ളിലായപ്പോള്‍ അമ്പിളിയ്ക്ക് ഭയം പോയി. അതിന് ശേഷമാണ് ദീപുവിനെ പോലുള്ളവരുടെ സൗഹൃദമുണ്ടാക്കി സാമ്പത്തിക പ്രശ്നങ്ങളുണ്ടാകുന്നില്ലെന്ന് അമ്പിളി ഉറപ്പിച്ചത്.
ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിട്ടുണ്ട്. കേസില്‍ ഒളിവിലുള്ള നെയ്യാറ്റിന്‍കരയിലെ സര്‍ജിക്കല്‍ സ്ഥാപന ഉടമ പാറശാല സ്വദേശി സുനില്‍കുമാറിന്റെ സുഹൃത്ത് പുങ്കുളം സ്വദേശി പ്രദീപ് ചന്ദ്രന്‍(42) ആണ് തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. കൊലപാതകം നടന്ന 24ന് രാത്രി, കേസിലെ ഒന്നാം പ്രതി ചൂഴാറ്റുകോട്ട അമ്പിളി കളിയിക്കാവിളയില്‍ എത്തിയത് സുനില്‍കുമാറിനും പ്രദീപ് ചന്ദ്രനും ഒപ്പമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അമ്പിളിയെ കളിയിക്കാവിളയില്‍ ഇറക്കിയ ശേഷം സുനിലും പ്രദീപും പാറശാലയിലേക്കു മടങ്ങുകയായിരുന്നു. പ്രദീപില്‍ നിന്നും നിര്‍ണ്ണായക മൊഴി കിട്ടുമെന്നാണ് തമിഴ്നാടു പോലീസ് പ്രതീക്ഷിക്കുന്നത്. സുനില്‍ കുമാറിനെ കണ്ടെത്തിയാല്‍ കേസ് അന്വേഷണം യഥാര്‍ത്ഥ ദിശയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
സുനില്‍കുമാറും അമ്പിളിയും തമ്മില്‍ അടുത്ത ബന്ധം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്കു ദിവസങ്ങള്‍ക്ക് മുന്‍പും ഇയാള്‍ പാറശാലയിലെ സുനില്‍കുമാറിന്റെ സ്ഥാപനത്തില്‍ എത്തിയിരുന്നു. ഇവര്‍ ഒരുമിച്ച് കാറില്‍ യാത്ര ചെയ്തതായും പൊലീസിന് വിവരം ലഭിച്ചു. കൊലയ്ക്കു ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡ്, ക്ലോറോഫാം, കയ്യുറ, മാസ്‌ക് തുടങ്ങിയവ നെയ്യാറ്റിന്‍കരനിന്ന് യാത്ര പുറപ്പെടുന്നതിനു മുന്‍പാണ് അമ്പിളിയെ സുനിലും പ്രദീപും ഏല്‍പിച്ചത്. എന്നാല്‍ കൊലപാതകത്തിന് ശേഷം അമ്പിളിയെ വിളിക്കാന്‍ കാറില്‍ സുനില്‍കുമാര്‍ എത്തിയില്ല. ഇതിന് കാരണവും പോലീസ് തേടുന്നുണ്ട്. എന്തു കൊണ്ട് വിളിക്കാന്‍ വരാമെന്ന് അമ്പിളിക്ക് കൊടുത്ത വാക്ക് സുനില്‍കുമാര്‍ പാലിച്ചില്ലെന്നതാണ് ഉയരുന്ന ചോദ്യം.