മുംബൈ: മഹാരാഷ്ട്ര ലോണോവാലയില്‍ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ഇതേ കുടുംബത്തിലെ രണ്ടു പേരെ കാണാതായി. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു സംഭവം. ഏഴംഗ കുടുംബം മുംബൈയില്‍നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ സ്റ്റേഷനില്‍ അവധിദിവസം ആഘോഷിക്കാന്‍ എത്തിയതായിരുന്നു. മേഖലയില്‍ പുലര്‍ച്ചെ മുതല്‍ പെയ്ത കനത്ത മഴയില്‍ തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വര്‍ധിക്കുകയായിരുന്നു.
കുടുംബം അപകടത്തില്‍പ്പെടുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തില്‍പ്പെട്ടവര്‍ വെള്ളച്ചാട്ടത്തിനു നടുവിലുള്ള ഒരു പാറയില്‍ നില്‍ക്കുകയും പരസ്പരം മുറുകെ പിടിക്കുകയും കരയിലേക്ക് കയറാന്‍ ശ്രമിക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. എന്നാല്‍ കുത്തിയൊലിച്ചെത്തിയ വെള്ളത്തിന്റെ ശക്തി അവരെ കീഴടക്കുകയായിരുന്നു. സഹായത്തിനായി കുടുംബം നിലവിളിക്കുന്നുണ്ടെങ്കിലും ഒഴുക്കില്‍പ്പെട്ടു.
Whole video and background of tragic incident
This incident occurred in Lonavala where an entire family lost their lives during a monsoon trip. Five people were swept into the Bhushi Dam from a waterfall's flow behind it. The bodies of Three have been found, while the search for… pic.twitter.com/fFlUIvIxvQ
— Saurabh Koratkar (@saurabhkoratkar) June 30, 2024
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തി കയറും ട്രക്കിങ് ഗിയറുമായി ഒഴുക്കില്‍പ്പെട്ട് കാണാതായവരെ തിരയാന്‍ തുടങ്ങിയെങ്കിലും ശ്രമം വിഫലമായി. പായല്‍ നിറഞ്ഞ പാറക്കെട്ടുകളില്‍ തെന്നി വീഴുകയും വെള്ളത്തിന്റെ ശക്തിയില്‍ ഒലിച്ചുപോകുകയും ചെയ്തതാകാമെന്നു പ്രദേശവാസികള്‍ പറയുന്നു.