KeralaNEWS

വെള്ളാപ്പള്ളി പാര്‍ട്ടിയെ ഒരുപാട് സഹായിച്ച വ്യക്തി;പിന്തുണച്ച് ജി.സുധാകരന്‍

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒരുപാട് സഹായിച്ച വ്യക്തിയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. അഭിപ്രായം തുറന്നു പറയുന്ന ആളാണദ്ദേഹമെന്നും പ്രശ്നമുണ്ടെങ്കില്‍ സംസാരിച്ച് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘അമ്പത് വര്‍ഷമായി വെള്ളാപ്പള്ളിയെ എനിക്ക് നേരിട്ടറിയാം. അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ആളാണദ്ദേഹം. ആരോടും, ഒന്നും അദ്ദേഹത്തിന് ചോദിക്കേണ്ട ആവശ്യമില്ല. സിപിഎമ്മിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുമൊക്കെ ബുദ്ധിമുട്ടുണ്ടാകുന്ന കാര്യങ്ങള്‍ അദ്ദേഹം പറയാറുണ്ട്. അദ്ദേഹം ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ആണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെടുത്ത നിലപാടുകളിലെ ശുദ്ധതയെപ്പറ്റി അദ്ദേഹത്തിന് സംശയമുണ്ടെങ്കില്‍ അദ്ദേഹത്തോട് സംസാരിച്ച് തീര്‍ക്കാവുന്നതേ ഉള്ളൂ’- സുധാകരന്‍ പറഞ്ഞു.

Signature-ad

സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കഴിഞ്ഞ ദിവസം പി ചിത്തരഞ്ജനും എച്ച്.സലാമും ഉള്‍പ്പടെയുള്ള നേതാക്കളും വെള്ളാപ്പള്ളിയെ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ജി.സുധാരനും വെള്ളാപ്പള്ളിക്ക് പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുന്നത്. വെള്ളാപ്പള്ളിക്കെതിരെ സിപിഎം സ്വീകരിച്ച പൊതുനിലപാടിന് വിരുദ്ധമായാണിപ്പോള്‍ ഇദ്ദേഹത്തെ പിന്തുണച്ച് നേതാക്കളുടെ പ്രസ്താവന.

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് വെള്ളാപ്പള്ളി നടേശനെ കുറ്റപ്പെടുത്തിയതിന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യാപക വിമര്‍ശനമാണ് നേരിട്ടത്. എസ്എന്‍ഡിപി യോഗത്തിന് കാര്യമായ സ്വാധീനമില്ലാത്ത മലബാറില്‍ വോട്ട് ചോര്‍ന്നത് വെള്ളാപ്പള്ളിയുടെ നിലപാട് കാരണമാണോ എന്നായിരുന്നു ആലപ്പുഴ സെക്രട്ടറിയേറ്റില്‍ എച്ച്.സലാം എംഎല്‍എയുടെ ചോദ്യം. വിമര്‍ശനത്തെ പിന്തുണച്ചും വെള്ളാപ്പള്ളിയെ ന്യായീകരിച്ചും പി.ചിത്തരഞ്ജനും സംസാരിച്ചു. സിപിഎമ്മിന്റെ പൊതുനിലപാടിന് വിരുദ്ധമായ ഇതേ നിലപാട് തന്നെയാണ് ഇപ്പോള്‍ ജി.സുധാകരനും സ്വീകരിച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: