NEWSWorld

പുട്ടേട്ടന്‍ ചതിച്ചാശാനേ! കിമ്മിന് സമ്മാനിച്ച കാറിന് ദക്ഷിണ കൊറിയ ബന്ധം

ന്യൂയോര്‍ക്ക്: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നല്‍കിയ ഔറസ് ലിമസീന്‍ കാറുകള്‍ സന്തോഷത്തോടെ വാങ്ങിയപ്പോള്‍ ഇങ്ങനൊരു ‘ചതി’ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പ്രതീക്ഷിച്ചിരിക്കില്ല. കാറിന്റെ പല ഭാഗവും ഉത്തരകൊറിയയുടെ ചിരവൈരിയായ ദക്ഷിണകൊറിയയില്‍ നിര്‍മിച്ചവയാണ്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് കാറിന്റെ ഘടകഭാഗങ്ങളില്‍ ചിലത് അവിടെനിന്ന് ഇറക്കുമതിചെയ്തതാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

കസ്റ്റംസ് രേഖകളില്‍നിന്നാണ് ഈ വിവരം കിട്ടിയത്. റിപ്പോര്‍ട്ടിനോട് ഔറസ് കമ്പനി പ്രതികരിച്ചിട്ടില്ല. ഔറസ് കാറുകള്‍, മോട്ടോര്‍സൈക്കിള്‍ എന്നിവയുടെ നിര്‍മാണത്തിനായി 2018-നും 2023-നുമിടയില്‍ 3.4 കോടി ഡോളറിന്റെ (ഏകദേശം 283 കോടി രൂപ) സാമഗ്രികളാണ് റഷ്യ ഇറക്കുമതിചെയ്തത്.

Signature-ad

കാറിന്റെ ബോഡി നിര്‍മിക്കാനുള്ള ലോഹഭാഗങ്ങള്‍, സെന്‍സറുകള്‍, സ്വിച്ചുകള്‍, വെല്‍ഡിങ് ഉപകരണം എന്നിവയുള്‍പ്പെടെ ദക്ഷിണകൊറിയയില്‍നിന്നുമാത്രം ഇറക്കുമതിചെയ്തത് 1.55 കോടി ഡോളറിന്റെ സാധനങ്ങള്‍. ഇന്ത്യ, ചൈന, തുര്‍ക്കി, ഇറ്റലി, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും റഷ്യ സാമഗ്രികളിറക്കി. 2024 ഫെബ്രുവരിയില്‍ ഔറസ് കമ്പനിക്ക് യു.എസ്. ഉപരോധമേര്‍പ്പെടുത്തി.

റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള അചഞ്ചലമായ ബന്ധത്തിന്റെ ദൃഷ്ടാന്തമായാണ് കിമ്മിന്, പുടിന്‍ ഔറസിന്റെ രണ്ട് ലിമസീന്‍ കാറുകള്‍ സമ്മാനിച്ചത്. ജൂണ്‍ 18-ന് ഉത്തരകൊറിയയിലെത്തിയ പുടിന്‍, കിമ്മിനെ അടുത്തിരുത്തി ഇതിലൊന്ന് ഓടിക്കുകയുംചെയ്തു. 2018-ലാണ് ആഭ്യന്തരപ്രൗഢിയുടെ പ്രതീകമായി റഷ്യ ലിമസീന്‍ കാര്‍ അവതരിപ്പിച്ചത്.

റഷ്യയുടെ ടടാര്‍സ്താന്‍ മേഖലയില്‍ 2021-ല്‍ കാറുകളുടെ നിര്‍മാണം ഔദ്യോഗികമായി ആരംഭിച്ചു. യുക്രൈന്‍യുദ്ധം തുടങ്ങിയശേഷം ടൊയോട്ട റഷ്യ വിട്ടതോടെ സെ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ അവരുടെ ഫാക്ടറിയിലും ഔറസ് കാറുണ്ടാക്കാന്‍ തുടങ്ങി. എസ്.യു.വി. ഉള്‍പ്പെടെ നാല് മോഡല്‍ കാറുകളാണ് ഔറസിനുള്ളത്. 4.6 കോടി റൂബിള്‍ മുതലാണ് വില (ഏകദേശം 4.5 കോടി രൂപ).

Back to top button
error: