KeralaNEWS

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ്: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയെയും പ്രതി ചേര്‍ക്കും

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസും പ്രതിയാകും. അടുത്തഘട്ടത്തിലെ കുറ്റപത്രത്തില്‍ വര്‍ഗീസിനെയും പ്രതി ചേര്‍ക്കുമെന്നാണ് വിവരം. പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് വര്‍ഗീസിനെ പ്രതിയാക്കുക. തൃശൂര്‍ പൊറത്തിശ്ശേരിയില്‍ സിപിഎമ്മിനായി സ്ഥലം വാങ്ങിയതില്‍ കള്ളപ്പണം ഉപയോഗിച്ചുവെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്.

പൊറത്തിശ്ശേരി ബ്രാഞ്ച് കമ്മിറ്റിക്കുവേണ്ടി ജില്ലാ സെക്രട്ടറിയുടെ പേരിലാണ് 13 ലക്ഷം രൂപയുടെ സ്ഥലവും വസ്തുവകകളും വാങ്ങിയത്. ഇതേക്കുറിച്ച് ജില്ലാ നേതൃത്വത്തിന് അറിവുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.

Signature-ad

അതേസമയം, കരുവന്നൂര്‍ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഇ.ഡി തോന്ന്യാസം കാണിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. സിപിഎമ്മിനെ പ്രതിയാക്കി പുകമറ സൃഷ്ടിക്കാനാണ് നീക്കം. ബ്രാഞ്ച് കമ്മിറ്റി ജില്ലാ കമ്മിറ്റിയുടെ പേരില്‍ വസ്തുവകകള്‍ വാങ്ങുന്നത് പതിവാണെന്നും ലോക്കല്‍ കമ്മിറ്റി പിരിച്ചെടുത്ത പണം കൊണ്ടാണ് പൊറത്തിശേരിയില്‍ ഭൂമി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ സിപിഎമ്മിന്റേതുള്‍പ്പെടെ 29 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡി ഡയറക്ടറേറ്റ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂടുതല്‍ നേതാക്കളെയും പ്രതിയാക്കിയേക്കും. സംസ്ഥാനസമിതി നേതാക്കളായ എം.കെ.കണ്ണന്‍, എ.കെ.മൊയ്തീന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജു എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കും ഇഡി ഇതുവരെ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല.

അതിനിടെ, കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നും എം.എം.വര്‍ഗീസ് പ്രതികരിച്ചു. ഇ.ഡിയില്‍ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ കിട്ടിയിട്ടില്ല. വാര്‍ത്തകള്‍ പലതും മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതേക്കുറിച്ച് വിശദമായി അറിഞ്ഞശേഷം കൂടുതല്‍ പ്രതികരിക്കാം. ഇ.ഡിയുടെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും അറിയില്ല. എന്തായാലും ഇ.ഡിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: