CrimeNEWS

ദീപു ചെന്നൈയിലേക്ക് യാത്ര തിരിച്ചത് 10 ലക്ഷവുമായി; കളിയിക്കാവിളയിലേത് ആസൂത്രിത കൊലപാതകം

തിരുവനന്തപുരം: കളിയിക്കാവിള ഒറ്റമരത്ത് യുവാവിനെ കാറിനുള്ളില്‍ കഴുത്തറത്തനിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ കാണാനില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. യുവാവിന്റെ കൈയില്‍ പണമുണ്ടെന്ന വിവരം കൃത്യമായി അറിയാവുന്നയാളാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് കരുതുന്നു.

പാപ്പനംകോട് കൈമനം സ്വദേശി എസ്.ദീപു(44)വിനെയാണ് ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ അസ്വാഭാവികമായനിലയില്‍ കാര്‍ കണ്ടതോടെ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് മുന്‍സീറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ ദീപുവിനെ കണ്ടെത്തിയത്.

Signature-ad

ജെ.സി.ബി. വാങ്ങി വില്‍പ്പന നടത്തുന്നയാളാണ് ദീപു. ബിസിനസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെ ഒരു സുഹൃത്തിനെ കാണാനായാണ് കളിയിക്കാവിളയില്‍ കാര്‍ നിര്‍ത്തിയതെന്നാണ് പ്രാഥമികവിവരം. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

കാറിനുള്ളില്‍ കയറി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം പണം കവര്‍ന്നതായാണ് പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ദീപുവിന്റെ മൊബൈല്‍ഫോണ്‍ വിവരങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്. ദീപു ചെന്നൈയിലേക്ക് പോകുന്നവിവരവും കൈയില്‍ പണമുണ്ടെന്ന കാര്യവും ആര്‍ക്കെല്ലാം അറിയാമെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

കഴുത്തറത്തനിലയില്‍ യുവാവിന്റെ മൃതദേഹം; കാറിലുണ്ടായിരുന്ന 10 ലക്ഷം കാണാനില്ല

അതേസമയം, ആര്‍ക്കെങ്കിലും ദീപുവിനോട് ശത്രുതയുള്ളതായി അറിയില്ലെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇടയ്ക്കിടെ തമിഴ്നാട്ടില്‍ പോകാറുണ്ടെന്നും ബിസിനസുമായി ബന്ധപ്പെട്ട് നിരവധിപേരുമായി ബന്ധങ്ങളുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ജെ.സി.ബി. വാങ്ങാനുള്ള അഡ്വാന്‍സ് നല്‍കാനായി കഴിഞ്ഞദിവസമാണ് ബാങ്കില്‍നിന്ന് പണം പിന്‍വലിച്ചതെന്നും ബന്ധു വ്യക്തമാക്കി.

Back to top button
error: