LIFELife Style

”പണം കുന്നുകൂട്ടി വച്ച് അതിന്റെ മുകളില്‍ കിടന്നുറങ്ങുന്നവര്‍ സഹായിച്ചില്ല; പക്ഷേ പണമില്ലാതിരുന്ന സമയത്തും ആ നടന്‍ സഹായിച്ചു”

സീരിയല്‍ – സിനിമ താരം എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നടി സീമ ജി നായര്‍. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ച നടി ശരണ്യയെ സഹായിച്ചതിലൂടെയാണ് സീമ ജി നായരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പുറംലോകമറിഞ്ഞത്. ശരണ്യയുടെ മരണം വരെ സീമ കൂടെയുണ്ടായിരുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് ശരണ്യ മരിച്ചത്. അതിനുമുമ്പും ശേഷവും നിരവധി പേരെ സീമ ജി നായര്‍ സഹായിച്ചിട്ടുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ മുന്നില്‍ സീമ കൈ നീട്ടിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നടന്‍ നന്ദു സഹായിച്ചതിനെപ്പറ്റി ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോള്‍.

Signature-ad

തനിക്ക് സിനിമാ സീരിയല്‍ മേഖലയില്‍ അധികം സുഹൃത്തുക്കളില്ലെന്ന് നടി പറയുന്നു. എന്നാല്‍ താന്‍ എല്ലാവരുടെയും നല്ല സുഹൃത്താണ്. കാരണം എല്ലാവരുടെയും പ്രയാസങ്ങള്‍ കേള്‍ക്കാനും അത് പരിഹരിക്കാനും താന്‍ ശ്രമിക്കാറുണ്ടെന്ന് അവര്‍ പറയുന്നു. തനിക്കുള്ള സുഹൃത്തുക്കളില്‍ എടുത്തുപറയേണ്ട പേരാണ് നന്ദുവിന്റേതെന്ന് സീമ പറയുന്നു.

”നന്ദുവിനാണ് എന്റെ ഏകദേശം എല്ലാ കാര്യങ്ങളും അറിയാവുന്നത്. അതുപോലെ നന്ദുവിനോടാണ് ഞാന്‍ എല്ലാ കാര്യങ്ങളും പറയാറുള്ളത്. നന്ദുവാണെങ്കിലും കവിതയാണെങ്കിലും ആ കുടുംബമാണെങ്കിലും എന്നോട് അങ്ങനെയാണ്. നന്ദു ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടുണ്ട്. അത്രയും വിഷമിച്ച സാഹചര്യങ്ങളില്‍ കടന്നുപോകുമ്പോള്‍ കൂടിയും, നന്ദു അവിടെ ഒരു പ്രശ്‌നം വന്നിട്ടുണ്ട് എന്താ ചെയ്യേണ്ടതെന്ന് ചോദിക്കുമ്പോള്‍ എവിടുന്നെങ്കിലും ഒരു പരിഹാരം കണ്ടുപിടിച്ചുതരും.

ഒരു ഉദാഹരണമാണ് ഞാന്‍ പറയുന്നത്, ചിലപ്പോള്‍ നന്ദുവിന്റെ കൈയില്‍ ഒരു അയ്യായിരം രൂപയായിരിക്കും ഉള്ളത്. നീ അത് അവര്‍ക്ക് കൊടുത്തേക്ക് എന്നും പറഞ്ഞ് പാവം അതില്‍ നിന്ന് നാലായിരം രൂപ എനിക്ക് അയച്ചുതരും. ഒരുപാട് ഇടത്ത് എന്നെ സഹായിക്കാനൊന്നും പറ്റില്ല. നന്ദു തരുന്നത് ചിലപ്പോള്‍ ആയിരമാകാം, ചിലപ്പോള്‍ രണ്ടായിരമാകാം.

പക്ഷേ ആ രണ്ടായിരത്തിന് ഒരു രണ്ട് ലക്ഷത്തിന്റെ വാല്യു ഞാന്‍ കല്‍പിക്കുന്നുണ്ട്. എന്താണെന്നുവച്ചാല്‍ അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴായിരിക്കാം നന്ദു നമ്മളെ സഹായിച്ചിട്ടുണ്ടാകുക. അതേസമയം, പണം കുന്നുകൂട്ടി വച്ച് അതിന്റെ മുകളില്‍ കിടന്നുറങ്ങുന്നവരോട് പല രീതിയിലും പല സമയത്തും ഞാന്‍ കൈനീട്ടിയിട്ടും ആരും ഒന്നും തന്നിട്ടില്ല. വളരെ കൂളായി അവര്‍ ആ മെസേജ് കാണാത്തപോലെ നടിക്കും. അങ്ങനെ കുറേ സൗഹൃദങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്” – സീമ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: