”രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍ അത് തന്റെ കുഞ്ഞല്ലെന്ന് സിബിന്‍ പറഞ്ഞു, കുഞ്ഞിന് വയ്യെന്ന് പറഞ്ഞപ്പോള്‍ ദേഷ്യപ്പെട്ടു”
ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ ആറ് വൈല്‍ഡ് കാര്‍ഡുകളാണ് പങ്കെടുത്തത്. അവരില്‍ ഗ്രാന്റ് ഫിനാലെയിലേക്ക് എത്തിയത് അഭിഷേക് മാത്രമാണ്. ആറ് വൈല്‍ഡ് കാര്‍ഡുകള്‍ ഹൗസിലേക്ക് കയറിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നത് സിബിന്‍ എന്ന മത്സരാര്‍ത്ഥിയിലായിരുന്നു. എന്നാല്‍, സഹമത്സരാര്‍ത്ഥി ജാസ്മിനുമായി ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ട സിബിന്‍ ഷോയില്‍ നിന്നും സ്വമേധയാ പിന്മാറി.
വിവാഹമോചിതനാണ് സിബിന്‍. താരം ബിഗ് ബോസിന്റെ ഭാഗമായശേഷമാണ് സിബിന്റെ വ്യക്തി ജീവിതം പ്രേക്ഷകര്‍ അടുത്തറിയുന്നത്. താനും ഭാര്യയും വര്‍ഷങ്ങളായി അകന്ന് കഴിയുകയാണെന്നും തന്നോട് ഭാര്യ പണം ആവശ്യപ്പെട്ടതായും സിബിന്‍ ആരോപിച്ചിരുന്നു. സിബിന്റെ ഏക മകന്‍ ഭാര്യ ചിഞ്ചുവിന്റെ സംരക്ഷണയിലാണ്.
വിവാഹത്തില്‍ സംഭവിച്ച പ്രശ്‌നങ്ങളെ കുറിച്ചുള്ള സിബിന്റെ അഭിമുഖം വൈറലായതോടെ ചിഞ്ചുവും സിബിനെതിരെ ?ഗുരുതര ആരോപണങ്ങളുമായി എത്തി. ഓരോ അഭിമുഖങ്ങളിലും വേര്‍പിരിയാനുള്ള കാരണങ്ങള്‍ പലതാണ് സിബിന്‍ പറയുന്നതെന്നാണ് ചിഞ്ചു മഴവില്‍ കേരളത്തിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ പറയുന്നത്.
ഓട്ടിസം ബാധിതനായ മകന് വയ്യാത്ത അവസ്ഥയില്‍ സഹായിക്കാന്‍ വിളിച്ചപ്പോള്‍ താന്‍ മാജിക്ക് കാണിക്കണോയെന്ന് ചോദിച്ച് സിബിന്‍ ദേഷ്യപ്പെടുകയാണ് ചെയ്തതെന്നും ചിഞ്ചു പറയുന്നു.
സിബിനും ഞാനും വേര്‍പിരിഞ്ഞട്ട് അഞ്ച് വര്‍ഷമായി. ഞാന്‍ ഇപ്പോള്‍ ബാംഗ്ലൂരിലാണ്. ഓരോ അഭിമുഖങ്ങളിലും വേര്‍പിരിയാനുള്ള കാരണങ്ങള്‍ പലതാണ് സിബിന്‍ പറയുന്നത്. ഒരിടത്ത് എന്റെ കുറ്റം പറയും മറ്റൊരിടത്ത് എന്നെ നല്ലത് പറയും. ഇതൊക്കെ എന്റെ ജീവിതത്തേയും നശിപ്പിക്കുകയാണ്. എനിക്ക് കടുത്ത സൈബര്‍ ആക്രണമാണ് നേരിടുന്നത്. സിബിന് പിആര്‍ ടീമുണ്ട്.
ബിഗ് ബോസില്‍ പോയി സിബിന്‍ പല വ്യക്തിപരമായ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. പലരും അതിനെ കുറിച്ചൊക്കെ എന്നോട് ചോദിക്കുന്നത് കൊണ്ടാണ് എനിക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കേണ്ടി വന്നത്. ഞാന്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ സിബിന്‍ മറ്റൊരു ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. അതിനെതിരെയാണ് ഞാന്‍ പ്രതികരിച്ചത്.
സിബിനെക്കുറിച്ച് ഞാന്‍ വേണ്ടാത്തതൊന്നും പറഞ്ഞിട്ടില്ല. ഞാനും കുട്ടിയും ഉള്ളപ്പോള്‍ തന്നെ സിബിന്‍ ലിവ് ഇന്‍ റിലേഷനില്‍ പോയതിനെ കുറിച്ചാണ് ഞാന്‍ എതിര്‍ത്ത് സംസാരിച്ചത്. അതില്‍ പ്രതികരിച്ചതില്‍ എനിക്ക് മോശം തോന്നുന്നില്ല.
ബിഗ് ബോസില്‍ സിബിന്‍ പോയതിന് ശേഷമാണോ ഇത്തരം കാര്യങ്ങള്‍ പറയാന്‍ തോന്നിയത് എന്ന നിലയ്ക്കുള്ള ചോദ്യങ്ങള്‍ വരുന്നുണ്ട്. ഒരിക്കലുമല്ല. 2018ല്‍ സിബിന്‍ എന്നെയും മകനേയും ബാംഗ്ലൂരില്‍ കൊണ്ടുവിടുകയായിരുന്നു. ചെറിയൊരു തര്‍ക്കത്തിന്റെ പുറത്തായിരുന്നു ഇത്. അന്ന് ഇവിടെ വന്നപ്പോള്‍ എനിക്ക് ജോലിയൊന്നും ഇല്ലായിരുന്നു.
നമുക്ക് ബാംഗ്ലൂരില്‍ ഒരു പുതിയ ജീവിതം തുടങ്ങാമെന്ന് സിബിന്‍ എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ പത്ത് ദിവസം കഴിഞ്ഞിട്ടും സിബിന്‍ എന്നെ വിളിക്കുന്നില്ല. അതിനൊക്കെ എന്റെ കൈയ്യില്‍ തെളിവുണ്ട്. എന്നാല്‍ സിബിന്‍ ഇപ്പോള്‍ പറഞ്ഞ് നടക്കുന്നത് ഞാന്‍ ആരുടെയോ കൂടെ ഓടിപ്പോയതാണ്. രണ്ടാമത് പ്രെഗ്‌നെന്റ് ആയിരുന്നു ഞാന്‍.
അത് തന്റെ കുഞ്ഞല്ല എന്നൊക്കെയാണ് സിബിന്‍ പറഞ്ഞത്. ഇത്തരത്തില്‍ പല ആരോപണങ്ങളും സിബിന്‍ പറയുന്നുണ്ട്. എന്നാല്‍, അതൊന്നും മോശമായി പുള്ളിക്ക് തോന്നുന്നില്ല. മകന് ഓട്ടിസം ഉണ്ട്. പുള്ളിക്കും അറിയുന്നതാണ്. കുഞ്ഞിന് ഒന്നര വയസുള്ളപ്പോള്‍ ഞങ്ങള്‍ തന്നെയാണ് ഒരുമിച്ച് പോയി പരിശോധിച്ചത്.
എന്നാല്‍ ഇപ്പോള്‍ സിബിന്‍ പറയുന്നത് എനിക്ക് ഇത് അറിയില്ലെന്നാണ്. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. സിബിന്റെ കുടുംബം ഞങ്ങളുടെ പ്രശ്‌നത്തിലൊന്നും ഇടപെടുമായിരുന്നില്ല. ഞാന്‍ ബാംഗ്ലൂരില്‍ പോയി ഒന്നര മാസം കഴിഞ്ഞപ്പോള്‍ എനിക്ക് ജോലി കിട്ടി. എന്നാല്‍ അത് ഇട്ടിട്ട് വരാനാണ് സിബിന്‍ ആവശ്യപ്പെട്ടത്. അത് സാധിക്കുമായിരുന്നില്ല. കാരണം കരാറുണ്ടായിരുന്നു.
സിബിന്‍, ശ്രീകാര്യത്തെ വീട്ടില്‍ നില്‍ക്കുമ്പോള്‍ അവിടെ ഒരു പെണ്‍കുട്ടി വന്ന് പോകുന്നുവെന്ന് പലരും പറഞ്ഞ് അറിഞ്ഞിരുന്നു. എന്നാല്‍ ചോദിച്ചപ്പോള്‍ അത് കൂട്ടുകാരിയാണെന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് അവരുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഫോട്ടോസും വീഡിയോയുമൊക്കെ സ്റ്റാറ്റസായി ഇട്ടു. അങ്ങനെ പല ഫോട്ടോകളും എന്റെ കയ്യിലുണ്ട്.
രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍ ഇത് സിബിനോട് പറഞ്ഞിരുന്നു. എന്നാല്‍, കുഞ്ഞ് വേണ്ട എന്നായിരുന്നു സിബിന്റെ നിലപാട്. എന്നാല്‍ എന്നെ ഒന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും സിബിന്‍ എനിക്കൊപ്പം വന്നിരുന്നില്ല. സിബിന്‍ മദ്യപിക്കുമായിരുന്നു. ശ്രീകാര്യത്ത് തനിച്ചായപ്പോള്‍ മദ്യപാനത്തിന് അഡിക്ടായിരുന്നുവെന്നും ചിഞ്ചു പറഞ്ഞു.