കോട്ടയം കറുകച്ചാലിൽ അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ച് മകള്‍ മരിച്ചു. കറുകച്ചാല്‍ കൂത്രപ്പള്ളി തട്ടാരടിയില്‍ ജോര്‍ജിന്റെ മകള്‍ നോയല്‍ (20) ആണ് മരിച്ചത്. അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു.
ചങ്ങനാശേരി- വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ പഞ്ചായത്തിനു സമീപം തിങ്കളാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു അപകടം. കറുകച്ചാലില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ച് അപകടം സംഭവിച്ചത്.
അപകടപരമ്പരകളുടെ നാൽക്കവലയാണ് കറുകച്ചാൽ. കഴിഞ്ഞ ഒരുമാസത്തിനിടയിൽ കറുകച്ചാൽ മേഖലയിലുണ്ടായത് 32 വാഹനാപകടങ്ങൾ. ഇതിൽ 2 പേർ മരിച്ചു. 3 പേർ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ. പരിക്കേറ്റത് 36 പേർക്ക്.
അമിത വേഗമാണ് അപകട കാരണമെന്നാണ് അധികൃതർ പറയുന്നത്. പക്ഷേ വേഗ നിയന്ത്രണങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, അപായ സൂചനാ ബോർഡുകൾ ഇങ്ങനെ പലതും ഇവിടത്തെ റോഡുകളിലില്ല. കൊടുംവളവുകൾപോലും നിവർത്താതെയുള്ള നിർമാണ ജോലികൾ. ഓരോ വർഷവും റോഡ് നവീകരണത്തിന് മാത്രം പാഴാക്കുന്നത് കോടികൾ. പക്ഷേ പ്രതിദിനം ഉയരുന്ന അപകടങ്ങളുടെ എണ്ണം അധികൃതരുടെ കണ്ണിൽ പെടുന്നില്ല എന്നതാണ് വാസ്തവം.