KeralaNEWS

പി.ജെ ജോസഫ് ഇനി ‘ഓട്ടോറിക്ഷ’യിൽ: ഔദ്യോഗിക ചിഹ്നമായി ഓട്ടോറിക്ഷ അംഗീകരിച്ച്‌ കേരള കോണ്‍ഗ്രസ് (ജെ)

     കേരള കോൺഗ്രസ് (ജെ) ഔദ്യോഗിക ചിഹ്നമായി ഓട്ടോറിക്ഷ  അംഗീകരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ചേർന്ന പാ‍ർട്ടിയുടെ ഉന്നതാധികാര സമിതിയാണ് ചിഹ്നം അംഗീകരിച്ചത്. സ്ഥിരം ചിഹ്നമായി ഓട്ടോറിക്ഷ അനുവദിക്കണമെന്ന ആവശ്യവുമായി പാർട്ടി ചെയർമാൻ പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.

കോട്ടയത്തെ ജയം പാർട്ടിയുടെ അടിത്ത ശക്തിപ്പെടുത്തിയെന്നും
കേരള കോണ്‍ഗ്രസിന് സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം ലഭിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. യു.ഡി.എഫിന് കേരളത്തില്‍ വന്‍ വിജയമാണ് ലഭിച്ചത്. ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന ആശങ്കയില്ലെന്ന് ജോസഫ് പറഞ്ഞു.

Signature-ad

കേരള കോണ്‍ഗ്രസ് രണ്ടായി പിള‍ർന്നപ്പോള്‍ രണ്ടില നഷ്ടപ്പെട്ട  ജോസഫിന് ലോക്സഭ തെരഞ്ഞെടുപ്പില്‍ അനുവദിച്ച്‌ കിട്ടിയ ചിഹ്നമാണ് ഓട്ടോറിക്ഷ. അതിനു മുൻപ് സൈക്കിളായിരുന്നു ജോസഫിന്റെ ചിഹ്നം. കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ ഏറ്റുമുട്ടിയ കോട്ടയത്തെ തെരഞ്ഞെടുപ്പില്‍ രണ്ടില കരിഞ്ഞു പോയി. ഓട്ടോറിക്ഷ വിജയത്തിലേയ്ക്ക് ഓടിക്കയറി.

തെരഞ്ഞടുപ്പില്‍ വൈകി കിട്ടിയതെങ്കിലും ഓട്ടോറിക്ഷ പി.ജെ ജോസഫിനും കൂട്ടർക്കും ഭാഗ്യ ചിഹ്നമാണിപ്പോള്‍. എന്നാല്‍ പിന്നെ ഇനി അങ്ങോട്ട് ഓട്ടോറിക്ഷയിലാകാം രാഷ്ട്രീയ പോരാട്ടമെന്ന് ഉറപ്പിക്കുന്നു ജോസഫ് വിഭാഗം.

ചിഹ്നം അനുവദിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാൻ പാർട്ടി ചെയർമാനായ പി ജെ ജോസഫിനെ ഉന്നതാധികാര സമിതി ചുമതലപ്പെടുത്തി. ഓട്ടോ കിട്ടിയാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റിലിരിക്കാമെന്നും പാർട്ടി കണക്ക്കൂട്ടുന്നു.

 കേരള കോണ്‍ഗ്രസ് (ജെ) പാർട്ടിയുടെ ആവശ്യം പരിഗണിച്ച്‌ ഇനി തുടർ നടപടി സ്വീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: