ജയ്പുര്‍: ആത്മാക്കളുമായി ഫോണില്‍ സംസാരിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ബാര്‍മറിലാണ് സംഭവം. ചുന്നിലാലാണ് ഭാര്യ ജിയോ ദേവി(40)യെ കൊലപ്പെടുത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഉറങ്ങിക്കിടന്ന ജിയോ ദേവിയെ ചുണ്ണിലാല്‍ കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ട് ദമ്പതികളുടെ 17 വയസുള്ള മകള്‍ സുമിത്ര ഇടപെടാന്‍ ശ്രമിച്ചെങ്കിലും ചുണ്ണിലാല്‍ ആക്രമണത്തില്‍ പെണ്‍കുട്ടിക്കും പരിക്കേറ്റു. ഇരുവരുടെയും നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെയും മകളെയുമാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജിയോ ദേവി മരിച്ചിരുന്നു. സുമിത്രയെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു.
ചൊവ്വാഴ്ച രാത്രി ദേവിയും ചുന്നിലാലും നാല് കുട്ടികളും ഒരുമിച്ച് അത്താഴം കഴിച്ച് ഉറങ്ങാന്‍ പോയതായി പൊലീസ് പറയുന്നു. പുലര്‍ച്ചെ രണ്ടരയോടെ ഉണര്‍ന്ന ചുന്നിലാല്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ കൊലപാതകത്തെക്കുറിച്ച് അയല്‍വാസികളില്‍ നിന്ന് പൊലീസിന് ഫോണ്‍ ലഭിച്ചു.സുമിത്രയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ചുന്നിലാലിനെ അറസ്റ്റ് ചെയ്തു. കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ജിയോ ദേവിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.