KeralaNEWS

കുവൈറ്റില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത കെ.ജി എബ്രഹാം; ആടുജീവിതത്തിന്റെ നിര്‍മ്മാതാവ്, പ്രളയ കാലത്തെ കൈത്താങ്ങായ പ്രവാസി

കുവൈറ്റ്സിറ്റി: മലയാളികളടക്കം 49 പ്രവാസികളുടെ മരണത്തിനിടയാക്കിയ തീപിടിത്തം ഉണ്ടായ ആറുനില ഫ്‌ളാറ്റ് മലയാളി വ്യവസായിയും എന്‍ബിടിസി ഗ്രൂപ്പിന്റെയും കേരളം ആസ്ഥാനമായ കെജിഎ ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്ടറായ കെജി. എബ്രഹാം വാടകയ്ക്കെടുത്തത്. ഗള്‍ഫിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകളിലൊന്നായ എന്‍ബിടിസി ഗ്രൂപ്പിലെ ജീവനക്കാരാണ് ഇവിടെ താമസിച്ചിരുന്നത്.

കേരളത്തില്‍ ഏറെ അറിയപ്പെടുന്ന വ്യവസായി കൂടിയായ എബ്രഹാം തിരുവല്ല നിരണം സ്വദേശിയാണ്. 40 വര്‍ഷമായി കുവൈറ്റില്‍ ബിസനസുകാരനായ അദ്ദേഹത്തിന് നാലായിരം കോടിയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിവില്‍ എന്‍ജിനിയറിംഗില്‍ ഡിപ്ളോമ നേടി 22 ാം വയസില്‍ കുവൈറ്റിലെത്തിയ അദ്ദേഹം പടിപടിയായി പടുത്തുയര്‍ത്തിയതാണ് ഇന്നത്തെ ബിസിനസ് സാമ്രാജ്യം. 2018-ലെയും 2019-ലെയും പ്രളയത്തില്‍ ദുരിതമനുഭവിച്ച കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ അദ്ദേഹം മുന്‍പന്തിയിലായിരുന്നു.

Signature-ad

എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍, മാര്‍ക്കറ്റിംഗ്, വിദ്യാഭ്യാസ മേഖലകളിലാണ് എന്‍ബിടിസി ഗ്രൂപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.എണ്ണ, പെട്രോകെമിക്കല്‍ മേഖലകളിലുള്‍പ്പെടെ കുവൈറ്റിലും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും കമ്പനികളുണ്ട്. മാര്‍ക്കറ്റിംഗ്, വിദ്യാഭ്യാസം എന്നീ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. എറണാകുളം കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ആഡംബര ഹോട്ടലായ ക്രൗണ്‍ പ്‌ളാസയുടെ ചെയര്‍മാനും തിരുവല്ലയിലെ കെജിഎ എലൈറ്റ് കോണ്ടിനെന്റല്‍ ഹോട്ടലിന്റെ പങ്കാളിയുമാണ്. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

പൃഥ്വിരാജ് നായകനായ ആട് ജീവിതം എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് എബ്രഹാം. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചിലര്‍ പണം തട്ടിച്ചെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. അര്‍ഹരായവരിലേക്ക് ദുരിതാശ്വാസ ഫണ്ട് എത്തിയില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്തതില്‍ ഖേദമുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് വന്‍ വിവാദമാവുകയും ചെയ്തു.

കുവൈറ്റിലെ തുടക്കകാലത്ത് ബദ്ധ ആന്‍ഡ് മുസൈരി എന്ന സ്ഥാപനത്തില്‍ 60 ദിനാര്‍ ശമ്പളത്തിലായിരുന്നു തുടക്കം. ഏഴുവര്‍ഷം ജോലി ചെയ്തശേഷം സ്വന്തം സ്ഥാപനം ആരംഭിച്ചു. ചെറുകിട നിര്‍മ്മാണങ്ങള്‍ ഏറ്റെടുത്ത് വിജകരമായി പൂര്‍ത്തിയാക്കി. 1990ലെ ഇറാഖ് അധിനിവേശത്തിന് ശേഷം ഗ്രൂപ്പ് അതിവേഗം വളര്‍ന്നു. ഹൈവേ സെന്റര്‍ എന്ന പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയും കുവൈറ്റിലുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: