തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ഇടതുമുന്നണിയില്‍ ആദ്യ വെടിപൊട്ടി. സിപിഎമ്മിനെതിരെ എല്‍ഡിഎഫിലെ ഘടകകക്ഷിയായ ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍ പരസ്യമായി രംഗത്തെത്തി. രാജ്യസഭാ സീറ്റ് ലഭിക്കാത്തതതാണ് ശ്രേയാംസിനെ പ്രകോപിപ്പിച്ചത്. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സിപിഎം മാന്യത കാട്ടണമായിരുന്ന എന്നു പറഞ്ഞ അദ്ദേഹം ഇടതുമുന്നണിയില്‍ ആര്‍ജെഡിക്ക് പരിഗണന കിട്ടുന്നില്ലെന്നും കുറ്റപ്പെടുത്തി. എല്‍ഡിഎഫിലേക്ക് വലിഞ്ഞുകയറി വന്നവരല്ല എന്നും അദ്ദേഹം പറഞ്ഞു.
‘എല്‍ഡിഎഫിലെ നാലാമത്തെ കക്ഷിയാണ് ആര്‍ജെഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചപോലും ഉണ്ടായില്ല. രാജ്യസഭാ അംഗത്വവുമായി 2018ലാണ് ഞങ്ങള്‍ ഇടതുമുന്നണിയില്‍ എത്തിയത്. അടുത്തവര്‍ഷം ഞങ്ങളുടെ സീറ്റ് സിപിഐക്ക് നല്‍കി വിട്ടുവീഴ്ച ചെയ്തു. എന്നാല്‍ പിന്നീട് ഒരു പരിഗണനയും ലഭിച്ചില്ല. ഈവര്‍ഷം സീറ്റ് തിരികെ നല്‍കാന്‍ സിപിഐ തയ്യാറാകണമായിരുന്നു. മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുതന്നെയാണ് വന്നത്’. ശ്രേയാംസ് കുമാര്‍ പറഞ്ഞു.
‘സംസ്ഥാനത്ത് ആര്‍ജെഡിക്ക് മന്ത്രിപദവി വേണം. ഞങ്ങളുടെ ആവശ്യം ന്യായമാണ്. പരിഗണിക്കണം. എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതല്ല. മറ്റുചില പരിപാടികള്‍ നേരത്തേ നിശ്ചയിച്ചതുകൊണ്ട് പോകാന്‍ കഴിയാതിരുന്നതാണ്. പ്രവര്‍ത്തകര്‍ നിരാശയിലാണ്. ജെഡിഎസിന് നല്‍കുന്ന പരിഗണന പോലും മുന്നണിയില്‍ ഞങ്ങള്‍ക്ക് കിട്ടുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് ഒരേ കൊടിയാണ് രാജ്യത്തെങ്ങും ഉപയോഗിച്ചത്. ഒരുതരത്തിലും ബിജെപിയുമായി വിട്ടുവീഴ്ച ചെയ്യാത്ത പാര്‍ട്ടിയാണ് ആര്‍ജെഡി.
മുന്നണിയുടെ ഐക്യത്തിന് എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ഇനിയങ്ങോട്ട് ഞങ്ങളുടെ ആവശ്യവും പരിഗണിക്കണം. മുന്നണിമാറ്റം നിലവില്‍ അജണ്ടയിലില്ല. യുഡിഎഫില്‍ പരിഗണന കിട്ടിയെന്ന് പറയുന്നില്ല. എല്‍ഡിഎഫില്‍ കിട്ടിയില്ലെന്നാണ് പറയുന്നത്. ഒറ്റയ്ക്ക് നിന്നാല്‍ പോരെയെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്. ഞങ്ങള്‍ ഇടത് സ്വഭാവമുള്ള പാര്‍ട്ടിയാണ്. യുഡിഎഫിലേക്ക് പോകാനുള്ള രാഷ്ട്രീയ മാറ്റമൊന്നും ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫിനുള്ള രാജ്യസഭാ സീറ്റില്‍ ആര്‍ജെഡിയും അവകാശവാദം ഉന്നയിച്ചിരുന്നു. ലോക്സഭയില്‍ സീറ്റ് നിഷേധക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് എല്‍ഡിഎഫിന് കത്തും നല്‍കിയിരുന്നു മന്ത്രിസഭയില്‍ പരിഗണന ഇല്ലാത്ത സാഹചര്യത്തില്‍ മുന്നണിയിലെ നാലാമത്തെ വലിയ കക്ഷിയെന്ന പരിഗണന വേണമെന്നായിരുന്നു ആവശ്യമുന്നയിച്ചത്. എന്നാല്‍ ഇത് കാര്യമായി എടുക്കാതെ ഇടതുമുന്നണിയിലെ രണ്ടുസീറ്റുകളില്‍ ഒന്ന് സിപിഐയ്ക്കും മറ്റൊന്ന് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിനും നല്‍കുകയായിരുന്നു. ഇതിനെത്തുടര്‍ന്നുള്ള കടുത്ത നിരാശയാണ് പരസ്യപ്രതികരണത്തിന് ആര്‍ജെഡിയെ പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്.