IndiaNEWS

ജെഡിയുവിന്റെ ആദ്യ സമ്മര്‍ദത്തില്‍ വഴങ്ങി ബിജെപി? അഗ്‌നിപഥില്‍ വമ്പന്‍ മാറ്റം, സൈന്യം മുന്നോട്ടുവച്ച ശുപാര്‍ശകള്‍

ന്യൂഡല്‍ഹി: 2019ലെ പൊതുതിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഒട്ടേറെ സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായി. എന്തിനേറെ പറയുന്നു, അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് വരെ പാര്‍ട്ടിക്ക് നഷ്ടമായി. അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിലേക്കുള്ള റിക്രൂട്ടിംഗിനായി ആരംഭിച്ച അഗ്‌നിപഥ് പദ്ധതി ഉത്തരേന്ത്യയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിയെന്നാണ് പറയപ്പെടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവും അഗ്‌നിപഥ് പദ്ധതി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോഴിതാ ഇന്ത്യന്‍ സൈന്യം അഗ്‌നിപഥ് പദ്ധതി അവലോകനം ചെയ്യുകയും മെച്ചപ്പെടുത്തുന്നതിന് നിരവധി ശുപാര്‍ശകള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. നിലവില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയ അഗ്‌നിവീര്‍മാരെ റെഗുലര്‍ സര്‍വീസിലേക്ക് നിയമിക്കുകയാണ് ചെയ്യുന്നത്. 25 ശതമാനം പേരെയാണ് ഇപ്പോള്‍ ഈ രീതിയില്‍ റെഗുലര്‍ സര്‍വീസിലേക്ക് മാറ്റുന്നത്. ഇത് 60 മുതല്‍ 70 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശയും സൈന്യം നല്‍കിയെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Signature-ad

മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍
അഗ്‌നിപഥ് പദ്ധതിയുടെ ഉപയോഗത്തെക്കുറിച്ച് സായുധ സേനയും പ്രതിരോധ മന്ത്രാലയവും വിലയിരുത്തുകയാണെന്ന് പ്രതിരോധ, സുരക്ഷാ വൃത്തങ്ങള്‍ സൂചന നല്‍കുന്നു. നാല് വര്‍ഷത്തില്‍ നിന്നും അഗ്‌നിവീറിന്റെ കാലാവഥി ഏഴ് മുതല്‍ എട്ട് വര്‍ഷത്തേക്ക് വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശയുമുണ്ട്. കൂടാതെ അഗ്‌നിവീറാകാനുള്ള പ്രായം 23 വയസായി വര്‍ദ്ധിപ്പിക്കാനുള്ള നീക്കവും നടന്നേക്കും. പരിശീലന വേളയില്‍ സംഭവിക്കുന്ന അംഗവൈകല്യത്തിന് എക്‌സ് ഗ്രേഷ്യ നല്‍കണമെന്നും എക്‌സിറ്റ് മാനേജ്മെന്റ് ഒരു പ്രൊഫഷണല്‍ ഏജന്‍സി കൈകാര്യം ചെയ്യണമെന്നും നിര്‍ദേശിച്ചു. കൂടാതെ യുദ്ധത്തിനിടെ മരണപ്പെടുകയാണെങ്കില്‍ അവരുടെ കുടുംബത്തിന് അര്‍ഹമായ അലവന്‍സ് നല്‍കണമെന്ന ശുപാര്‍ശയും ഉയര്‍ന്നിട്ടുണ്ട്.

അഗ്‌നിപഥ് അവതരിപ്പിച്ചതിന് പിന്നില്‍
പെന്‍ഷന്‍ കുറയ്ക്കുന്നതിനും കൂടുതല്‍ യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുമാണ് അഗ്‌നിപഥ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഇങ്ങനെ സൈന്യത്തില്‍ എത്തുന്നവര്‍ക്ക് പരിശീലനവും വൈദഗ്ധ്യവും കുറവായിരിക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. അതേസമയം, അഗ്‌നിപഥ് സ്‌കീമില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് നിര്‍ത്തിയാല്‍, ഇന്ത്യന്‍ സൈന്യത്തിന് ഓഫീസര്‍ റാങ്കിന് താഴെയുള്ള ആളുകളുടെ ഗണ്യമായ കുറവുണ്ടാകുമെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഈ കുറവ് നികത്താന്‍ ഒരു പതിറ്റാണ്ടിലേറെ സമയം വേണ്ടിവരും. അതുകൊണ്ട്, സൈനികരെ വേഗത്തില്‍ റിക്രൂട്ട് ചെയ്യുന്നതിനും സമഗ്രമായ പരിശീലനം നല്‍കുന്നതിനും അഗ്‌നിപഥ് പദ്ധതി മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്.

സൈനികര്‍ക്കുള്ള അനുഭവ സമ്പത്തുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന് ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും. പഴയ റിക്രൂട്ട്മെന്റ് സ്‌കീമിന് കീഴില്‍ റിക്രൂട്ട് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ സാധാരണയായി 35 വയസില്‍ വിരമിക്കുന്നു. സുബേദാര്‍ മേജറായി സ്ഥാനക്കയറ്റം ലഭിച്ചവര്‍ 52ാം വയസിലാണ് വിരമിക്കുക. സൈന്യവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനത്തില്‍ അവര്‍ വലിയ പരിചയ സമ്പത്തുള്ളവരായിരിക്കും. പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തുന്നതിനും പുതിയ റിക്രൂട്ട്മെന്റുകള്‍ക്കിടയിലുള്ള അനുഭവത്തിന്റെയും വൈദഗ്ധ്യത്തിന്റെയും അഭാവം പരിഹരിക്കുന്നതിനും അഗ്‌നിവീറുകള്‍ക്ക് മികച്ച പരിശീലനം നല്‍കാനാണ് സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

Back to top button
error: