കോഴിക്കോട്: കുവൈത്ത് സിറ്റി യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മുസ്‌ലിം ലീഗ് നേതാവ് പി.എം.എ. സലാം അടക്കമുള്ള നേതാക്കളെ തടഞ്ഞുവച്ച സംഭവത്തില്‍ കുവൈത്ത് കെഎംസിസിയിലെ 11 നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു. കുവൈത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ കണ്ണോത്ത് അടക്കമുള്ളവര്‍ക്കെതിരെയാണ് ലീഗ് നേതൃത്വം നടപടി സ്വീകരിച്ചത്.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ മേയ് 31ന് ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഘടനാ തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ എത്തിയതായിരുന്നു സലാം. അബ്ദുറഹിമാന്‍ രണ്ടത്താണി, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നീ മുതിര്‍ന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു. മറ്റു ജില്ലക്കാര്‍ പുറത്തുപോകണമെന്ന് പറഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നാണ് വിവരം.
യോഗം ആരംഭിച്ചതോടെ കുവൈത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ കണ്ണോത്തിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാന്‍ ഇവര്‍ തയാറായില്ല. ഒടുവില്‍ യോഗം പിരിച്ചു വിട്ട് നേതാക്കള്‍ ഇറങ്ങിപ്പോയി. മുസ്ലിം ലീഗിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന കാര്യമാണ് നടന്നതെന്നും അച്ചടക്ക ലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പി.എം.എ സലാം പിന്നീട് അറിയിച്ചു.
കുവൈത്ത് കെഎംസിസിയിലെ ഷറഫുദ്ധീന്‍ കണ്ണേത്ത് വിഭാഗവും നാസര്‍ തങ്ങള്‍ വിഭാഗവും തമ്മില്‍ മാസങ്ങളായി സംഘര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായാണ് ചില ജില്ലാകമ്മിറ്റി തിരഞ്ഞെടുപ്പുകള്‍ മാറ്റിവെയ്‌ക്കേണ്ടി വന്നത്.