MovieNEWS

പുലിമുരുകന് 15 കോടിയെങ്കിലും കിട്ടുമോ എന്ന് ഭയന്നിരുന്നു! റിലീസിന്റെ തലേദിവസത്തെ പറ്റി സംവിധായകന്‍ വൈശാഖ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. വൈശാഖിന്റെ സംവിധാനത്തിലെത്തുന്ന മറ്റൊരു ഗംഭീര സിനിമ എന്ന നേട്ടം ടര്‍ബോ സ്വന്തമാക്കി കഴിഞ്ഞു.

എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളം സിനിമയുടെ വളര്‍ച്ചയ്ക്ക് കാരണമായി മാറിയ ചിത്രം ഒരുക്കിയതും വൈശാഖ് ആയിരുന്നു. 2016 മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ ആണ് മലയാള സിനിമയുടെ ഗതി തന്നെ മാറ്റി എഴുതിയ വൈശാഖിന്റെ ഹിറ്റ് മൂവി.

Signature-ad

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച സിനിമ മലയാളത്തിലെ ആദ്യ 100 കോടി ചിത്രം എന്ന സുവര്‍ണ്ണ നേട്ടത്തില്‍ എത്തി. എന്നാല്‍ പുലിമുരുകന്റെ റിലീസിന് താന്‍ ഏറെ ടെന്‍ഷനില്‍ ആയിരുന്നു എന്നാണ് വൈശാഖിപ്പോള്‍ പറയുന്നത്. ടര്‍ബോ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘പുലിമുരുകന്‍ റിലീസ് ചെയ്യുന്നതിന് തലേദിവസം വരെ എനിക്ക് ടെന്‍ഷന്‍ ആയിരുന്നു. ഞാന്‍ അതുവരെ ചെയ്തതില്‍ ഏറ്റവും ബജറ്റ് ഉള്ള സിനിമയായിരുന്നു അത്. 15 കോടി വേണം പുലിമുരുകന്‍ ബ്രേക്ക് ഇവന്‍ ആവാന്‍. 15 കോടിക്ക് മേലെ ഒരു രൂപ കിട്ടിയാല്‍ ഞാന്‍ രക്ഷപ്പെട്ടു. അതില്‍ കൂടുതല്‍ ഒന്നും ഞാന്‍ അപ്പോള്‍ ചിന്തിച്ചിട്ടില്ല.

ആ സമയത്ത് ആന്റണി ചേട്ടന്‍ എന്റെ കൂടെ ഉണ്ടായിരുന്നു. പുള്ളിയോട് ഞാന്‍ ചോദിച്ചു ‘ആന്റണി ചേട്ടാ, പടത്തിന് 15 കോടി എങ്കിലും കിട്ടുമോ എന്ന്.’ ‘നമുക്ക് നോക്കാം അണ്ണാ’ എന്നായിരുന്നു പുള്ളിയുടെ മറുപടി.

പിന്നീട് പുലിമുരുകന് ആ പതിനഞ്ച് കോടി കിട്ടി എന്നറിഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി. അതിന് മുകളില്‍ കിട്ടുന്ന കളക്ഷന്‍ ഒന്നും എന്നെ ബാധിച്ചിട്ടില്ല. ഇപ്പോഴും അതുപോലെ തന്നെയാണ്. പ്രൊഡ്യൂസര്‍ മുടക്കിയ പൈസയെക്കാള്‍ കുറച്ചുകൂടി അധികം കളക്ഷന്‍ കിട്ടണമെന്നേ എനിക്കുള്ളൂ. ബാക്കിയുള്ള കോടി ക്ലബ് ഒന്നും എന്നെ ബാധിക്കില്ല. ബാധിക്കേണ്ട കാര്യമില്ല എന്നുമാണ് തന്റെ അഭിപ്രായമെന്നും വൈശാഖ് വ്യക്തമാക്കുന്നു.

മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റായി മാറിയ സിനിമയായിരുന്നു പുലിമുരുകന്‍. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. അത് ബോക്സോഫീസിലും പ്രകടമായി. കുടുംബപ്രേക്ഷകരുടെയും കുട്ടികളുടെയുമൊക്കെ ഇഷ്ടം ലഭിച്ചതോടെ നൂറ് കോടി എന്ന കടമ്പ അനായാസം മറികടക്കാനും സാധിച്ചു.

അതേസമയം, ഞാന്‍ ലാലേട്ടന് വേണ്ടി ശരിക്കും ചെയ്യാനിരുന്ന സിനിമ ഒരു വമ്പന്‍ സിനിമയാണെന്നും സംവിധായകന്‍ പറഞ്ഞു. അത് ചെയ്യും. അത് ലാലേട്ടന്‍ തന്നെ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയാണ്. എല്ലാവരും പല പല സിനിമകളിലേക്കായി പോയതാണല്ലോ, തിരിച്ച് അത് ചേര്‍ന്ന് വരുന്ന സമയത്ത് ആ സിനിമ ചെയ്യും. അതിന്റെ ക്ഷീണമൊക്കെ ഞാന്‍ ആ സമയത്ത് മാറ്റിക്കോളാം, വന്‍ പരിപാടിയായിരിക്കുമെന്നും വൈശാഖ് പറയുന്നു.

 

Back to top button
error: