കണ്ണൂര്‍: മൂര്‍ഖന്‍ പാമ്പിനെ ബാങ്കിനകത്ത് കണ്ടത് ജീവനക്കാരെയും ഇടപാടുകാരെയും പരിഭ്രാന്തരാക്കി. ബാങ്കിടപാടുകള്‍ ഒരുമണിക്കൂര്‍ തടസ്സപ്പെട്ടു. ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡിന്റെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയിയിലാണ് പാമ്പിനെ കണ്ടത്. തിങ്കളാഴ്ച രാവിലെ 10.45-നാണ് സംഭവം.
ബാങ്കിലേക്ക് വന്ന ഇടപാടുകാരനാണ് ഇതാദ്യം കണ്ടത്. മുറിയിലെ മൂലയില്‍ ചുരുണ്ടുകിടക്കുകയായിരുന്നു. ഇടയ്ക്ക് പത്തി വിടര്‍ത്തി. ഇതോടെ സമീപത്തെ കച്ചവടക്കാരും ചുമട്ടുതൊഴിലാളികളുമുള്‍പ്പെടെ സ്ഥലത്തെത്തി. മാര്‍ക്ക് പ്രവര്‍ത്തകന്‍ ഫൈസല്‍ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ പിടിച്ചു.
മഴ പെയ്തതോടെ പൊത്തിനുള്ളിലുള്ള പാമ്പുകള്‍ ഇറങ്ങുന്ന സമയമാണെന്നും ഒരു മാസത്തിനിടയില്‍ വിവിധതരത്തിലുള്ള നൂറോളം പാമ്പുകളെ പിടിച്ചതായും വനംവകുപ്പിന്റെ താത്കാലിക ജീവനക്കാരന്‍ കൂടിയായ ഫൈസല്‍ വിളക്കോട് പറഞ്ഞു.