ഹിജാബിന് വിലക്ക്, പുരുഷന്മാര്‍ താടി വയ്ക്കരുത്; 95 ശതമാനം മുസ്ലീം ജനസംഖ്യയുള്ള രാജ്യത്തെ നിയമം
ദുഷാന്‍ബെ: വസ്ത്രധാരണത്തിലും ജീവിതശൈലിയും ചില കീഴ്വഴക്കങ്ങള്‍ വച്ചു പുലര്‍ത്തുന്നവരായിരിക്കും ഇസ്ലാമിക രാജ്യങ്ങളില്‍ കഴിയുന്നവര്‍. പരമ്പരാഗതമായി ഓരോ തലമുറയും പിന്തുടരുന്നത് പുതിയ തലമുറയും ശീലമാക്കുന്നു. എന്നാല്‍ ഈ പരമ്പരാഗത കീഴ്വഴക്കത്തില്‍ നിന്ന് വ്യതിചലിച്ച്, സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതും പുരുഷന്മാര്‍ താടി വളര്‍ത്തുന്നതും വിലക്കുന്ന കര്‍ശനമായ നയം നടപ്പിലാക്കിയ ഒരു ഇസ്ലാമിക രാജ്യമുണ്ട് ലോകത്ത്. പറഞ്ഞുവരുന്നത് താജിക്കിസ്ഥാനെക്കുറിച്ചാണ്.
ഭരണഘടനാപരമായി മതേതരത്വമുള്ളതും 95 ശതമാനത്തിലധികം മുസ്ലീം ഭൂരിപക്ഷമുള്ളതുമായ രാജ്യമാണ് താജിക്കിസ്ഥാന്‍. ഒരുപാട് ചരിത്ര പ്രാധാന്യമുള്ള ഈ രാജ്യത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇമ്മോന്‍ അലി റഹ്‌മാനാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത്. 2015ല്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 18 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നത് തടയുന്നതിന് നിയമങ്ങളുണ്ട്.
മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള താജിക്കിസ്ഥാന്‍ സര്‍ക്കാരിന്റെ നിലപാട് മോശമായിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രസിഡന്റ് ഇമ്മോന്‍ അലി റഹ്‌മാന്‍ രാജ്യത്ത് അടിച്ചമര്‍ത്തല്‍ നയമാണ് തുടരുന്നതെന്നാണ് ആക്ഷേപം. പൊതുമതവികാരങ്ങളെ അടിച്ചര്‍ത്തുകയും ന്യൂനപക്ഷ സമുദായങ്ങളെ അമര്‍ച്ച ചെയ്യുകയാണെന്ന ആക്ഷേപവും ശക്തമാണ്. കല്യാണം, ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകള്‍ക്ക് ഭരണകൂടം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ വിലക്കുകള്‍ക്കൊപ്പം താടിയും ഹിജാബും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. താടി വയ്ക്കുന്നത് നിരോധിച്ചതിന് പിന്നില്‍ പുരുഷന്മാര്‍ അവരുടെ മുഖം വൃത്തിയായി ഷേവ് ചെയ്യണം എന്നാണ്.
യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ദുഷാന്‍ബെയില്‍ സ്ഥിതി ചെയ്യുന്ന ഇസ്ലാമിക് ബുക്ക്‌സ് സ്റ്റാളുകള്‍ 2022ല്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിച്ചിരുന്നു. ഭരണകൂടത്തിന്റെ അംഗീകാരമില്ലാതെ രാജ്യത്തേക്ക് മതപരമായ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കില്ല. 2023ല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സമൂലപരിഷ്‌ക്കാരവാദം തടയുന്നതിന് വേണ്ടിയാണ് താജിക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നത്. താജിക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍, താലിബാന്റെയും ഐഎസിന്റെയും ഭീഷണികള്‍ക്ക് സ്ഥിരം ഇരയാകുന്ന രാജ്യമാണ്.