കട്ടപ്പന: വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കട്ടപ്പന ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങി. കാര്‍ ഓടിച്ചിരുന്ന കല്‍ത്തൊട്ടി ചിറയില്‍ ജസ്റ്റിന്‍ (34) ആണ് പോലീസില്‍ കീഴടങ്ങിയത്. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
കട്ടപ്പന സ്വദേശി കൊച്ചുതോവാള ചേന്നാട്ടുവീട്ടില്‍ ക്രിസ്റ്റോ മാത്യു(27)വിന്റെ ദേഹത്തുകൂടിയാണ് ജസ്റ്റില്‍ കാര്‍ കയറ്റിയിറക്കിയത്. ഞായറാഴ്ച്ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടാണ് ജസ്റ്റിനും സുഹൃത്തുക്കളും ക്രിസ്റ്റോയുമായി കട്ടപ്പന ഇടശേരി ബാറിന് സമീപത്ത് വെച്ച് തര്‍ക്കം ഉണ്ടായത്.
തുടര്‍ന്ന് ക്രിസ്റ്റോ സെന്‍ട്രല്‍ ജങ്ഷനിലേക്ക് ബൈക്കില്‍ പോയി. എന്നാല്‍ ഇയാളെ പിന്തുടര്‍ന്ന ജസ്റ്റിന്‍, ക്രിസ്റ്റോയുടെ ബൈക്ക് സെന്‍ട്രല്‍ ജങ്ങ്ഷന് സമീപത്തുവെച്ച് കാറുകൊണ്ട് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിടിപ്പിച്ച് വീഴ്ത്തിയ ക്രിസ്റ്റോയുടെ ശരീരത്തിലൂടെ ജസ്റ്റിന്‍ കാര്‍ കയറ്റിയിറക്കി. പൊലീസ് സിസി ടിസി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചുവരികയാണ്. സംഭവത്തിന് ശേഷം ജസ്റ്റിൻ ഒളിവിൽ പോയിരുന്നു.
തുടര്‍ന്ന് നാട്ടുകാരും ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന യുവാവും ചേര്‍ന്നാണ് ക്രിസ്റ്റോയെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ക്രിസ്റ്റോയുടെ 9 വാരിയെല്ലുകള്‍ പൊട്ടുകയും ശ്വാസകോശത്തിനും ക്ഷതമേല്‍ക്കുകയും ചെയ്തു. പരിക്കുകള്‍ ഗുരുതരമായതിനാല്‍ ക്രിസ്റ്റോയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില അപകടകരമായി തുടരുകയാണ്.