KeralaNEWS

കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷം, വീടുകളില്‍ വെള്ളം കയറി; അഞ്ച് ജില്ലകളില്‍ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും; പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരും മണിക്കൂറുകളില്‍ കൊല്ലം, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മഴ ശക്തമാകും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയും രൂക്ഷമാണ്. എറണാകുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്.

Signature-ad

കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ആലുവ – ഇടപ്പള്ളി റോഡിലും സഹോദരന്‍ അയ്യപ്പന്‍ റോഡിലും വെള്ളം കയറി. കാനകള്‍ വൃത്തിയാക്കാത്തതിനാല്‍ പലയിടത്തും വെള്ളം ഒഴുകിപ്പോകുന്നില്ല. നഗരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. കനത്ത മഴ രാവിലെ ഏഴ് മണിക്ക് തുടങ്ങിയതാണ്. വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ചിലയിടങ്ങളില്‍ കക്കൂസ് മാലിന്യം അടക്കം കലര്‍ന്ന വെള്ളമാണ് റോഡുകളിലെത്തിയത്. പകര്‍ച്ച വ്യാധി അടക്കമുള്ളവയ്ക്ക് ഇത് കാരണമാകും.

തിരുവനന്തപുരത്തും പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ചുറ്റുമതില്‍ തകര്‍ന്നു. വര്‍ക്കല പാപനാശത്ത് കുന്നിടിഞ്ഞു. പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ആലപ്പുഴയില്‍ ഇന്നലെ മഴയില്‍ വിവിധ താലൂക്കുകളിലായി ഇരുന്നൂറിലധികം വീടുകളില്‍ വെള്ളം കയറിയിരുന്നു. കഴിഞ്ഞ ദിവസം രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നിരുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 90 സെ. മീ ഉയര്‍ത്തിയിട്ടുണ്ട്. 60 സെ. മീ കൂടി ഉയര്‍ത്തിയേക്കുമെന്ന് പ്രദേശവാസികള്‍ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത്തവണ സംസ്ഥാനത്ത് കാലവര്‍ഷ സീസണില്‍ (ജൂണ്‍ – സെപ്തംബര്‍ ) സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

 

Back to top button
error: