KeralaNEWS

മദ്യനയത്തില്‍ യോഗം നടന്നതിന്റെ തെളിവ് പുറത്തുവിട്ട് സതീശന്‍; സര്‍ക്കാരിനോട് ആറു ചോദ്യങ്ങള്‍

തിരുവനന്തപുരം: മദ്യനയത്തില്‍ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മേയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ഡ്രൈ ഡേ വിഷയം ചര്‍ച്ച ആയെന്നും തുടര്‍ന്നാണ് പണപ്പിരിവ് നടന്നതെന്നും വി.ഡി. സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സൂം മീറ്റിങ്ങിന്റെ ലിങ്ക് അടക്കം പുറത്തുവിട്ടാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

മേയ് 21-ലെ മീറ്റിങ് കഴിഞ്ഞിട്ടാണ് ബാര്‍ ഉടമകള്‍ പണം കളക്ട് ചെയ്ത് കൊടുക്കാന്‍ തുടങ്ങിയത്. പണം കൊടുത്തില്ലെങ്കില്‍ മദ്യനയത്തില്‍ മാറ്റം വരില്ലെന്ന് വളരെ കൃത്യമായിട്ടാണ് ബാര്‍ ഉടമ പറഞ്ഞിരിക്കുന്നത്. മീറ്റിങ്ങില്‍ ബാര്‍ ഉടമകളുടെ പ്രതിനിധികളുമുണ്ടായിരുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Signature-ad

മദ്യനയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് എക്‌സൈസ്, ടൂറിസം മന്ത്രിമാര്‍ പച്ചക്കള്ളം പറയുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സര്‍ക്കാരിന് മുന്നില്‍ ആറ് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

  1. ടൂറിസം വകുപ്പ് എന്തിന് എക്‌സൈസ് വകുപ്പിനെ മറികടന്നു?
  2. മന്ത്രിമാര്‍ എന്തിന് കള്ളം പറഞ്ഞു?
  3. മന്ത്രി എം.ബി. രാജേഷ് എന്തിന് ഡി.ജി.പിക്ക് പരാതി നല്‍കി?
  4. ടൂറിസം മന്ത്രി ബാര്‍ നയത്തില്‍ തിടുക്കത്തില്‍ ഇടപെട്ടത് എന്തിന്?
  5. കെ.എം. മാണിക്കെതിരേ ആരോപണം വന്നപ്പോള്‍ സ്വീകരിച്ച വിജിലന്‍സ് അന്വേഷണമാതൃക എന്തുകൊണ്ട് സ്വീകരിച്ചില്ല?
  6. മുഖ്യമന്ത്രി എന്തിന് മൗനം നടിക്കുന്നു? – വി.ഡി. സതീശന്‍ ചോദിച്ചു.

മദ്യനയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടേയില്ലെന്ന് പറഞ്ഞ് മന്ത്രിമാര്‍ ഞെട്ടിച്ചു. എന്നാല്‍ ചര്‍ച്ച നടത്തിയതിന്റെ തെളിവ് കൈയിലുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പെരുമാറ്റ ചട്ടം മാറിയാല്‍ ഉടനെ മദ്യനയത്തില്‍ മാറ്റം വരുത്താമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത് അഴിമതി ആരോപണത്തെക്കുറിച്ചല്ല. എങ്ങനെയാണ് വാര്‍ത്ത പുറത്തുവന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ഇത് വിചിത്രമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പ് വിഷയത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയിട്ടുണ്ട്. അബ്കാരി പോളിസിയിലെ മാറ്റങ്ങള്‍ വരുത്തേണ്ടത് എക്‌സൈസ് വകുപ്പാണ്. അതില്‍ ടൂറിസം വകുപ്പിന് എന്താണ് കാര്യം. ടൂറിസം വകുപ്പ് എന്തിനാണ് ബാര്‍ ഉടമകളുടെ യോഗം വിളിക്കുന്നത് ? ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പില്‍ കൈകടത്തിയോ എന്ന ആക്ഷേപം മന്ത്രി എം.ബി. രാജേഷിനുണ്ടോ എന്ന് വ്യക്തമാക്കണം-വി.ഡി. സതീശന്‍ ചോദിച്ചു.

വിഷയത്തില്‍ യു.ഡി.എഫ്. സമരപരിപാടികളുമായി മുന്നോട്ട് പോകും. നിയമസഭയിലും വിഷയം ഉന്നയിക്കും. രണ്ടുമന്ത്രിമാരും രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

 

Back to top button
error: