കൊച്ചി: യാത്രക്കാരെ വലച്ച് വീണ്ടും വേണാട് എക്സപ്രസിന്റെ വൈകിയോട്ടം തുടരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിലെ സ്റ്റോപ്പ് നിറുത്തലാക്കിയതിന് പിന്നാലെ സ്ഥിരമായി വൈകിയോടുന്നതും യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. എറണാകുളത്ത് ജോലി ചെയ്യുന്നവരാണ് വേണാട് എക്സ്പ്രസിലെ സ്ഥിരം യാത്രക്കാര്‍. പതിവായി ഓഫീസില്‍ വൈകിയെത്തുന്നതിനാല്‍ ജോലിയുടെ കാര്യവും ഭീഷണിയിലാണെന്ന് യാത്രക്കാര്‍ പറയുന്നു. പല ദിവസങ്ങളിലും പകുതി ശമ്പളം നഷ്ടമാകുന്ന അവസ്ഥയാണ് പലര്‍ക്കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയിലിന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കി.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് ഷെഡ്യൂള്‍ സമയം പാലിക്കാതെ കഴിഞ്ഞ ഒരാഴ്ചയായി രാവിലെ 10ന് ശേഷമാണ് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ (നോര്‍ത്ത്) എത്തിച്ചേരുന്നത്.
താത്കാലികമായാണ് സൗത്ത് ഒഴിവാക്കിയതെങ്കിലും വേണാടിന്റെ സമയം പരിഷ്‌കരിച്ചിരുന്നു. ടൗണില്‍ 9.30ന് എത്തുന്നവിധം ക്രമീകരിച്ചിരുന്നെങ്കില്‍ പകുതി ശമ്പളം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാകുമായിരുന്നെന്ന് യാത്രക്കാര്‍ പറയുന്നു.
പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വേണാടിന്റെ സമയം നേരത്തെയാക്കി അടിയന്തിരപരിഹാരം കാണണമെന്ന് ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് ആവശ്യപ്പെട്ടു. 9.40 ന് മുമ്പ് എത്തിക്കൊണ്ടിരുന്നപ്പോഴാണ് വേണാട് എറണാകുളം ജംഗ്ഷന്‍ ഒഴിവാക്കിയത്.
ജംഗ്ഷനില്‍ തടസങ്ങള്‍ വീണ്ടും ഉന്നയിച്ചാല്‍ 9.15ന് മുമ്പ് എറണാകുളം ടൗണില്‍ എത്തുന്നവിധം മെമു അനുവദിച്ചാല്‍ പോലും സൗത്തിലേയ്ക്ക് ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ പോലെ കണക്ഷന്‍ ട്രെയിനുകള്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താനാകും.
അതേസമയം, തൃപ്പൂണിത്തുറയില്‍ ഇറങ്ങി മെട്രോ റെയിലില്‍ കയറി എറണാകുളത്തെത്താനുള്ള ടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാന്‍ കഴിയില്ല. തൃപ്പൂണിത്തുറയില്‍നിന്ന് എറണാകുളം സൗത്തിലേയ്ക്ക് 40 രൂപയാണ് മെട്രോ നിരക്ക്.