തിരുവനന്തപുരം: പോലീസ് സംഘത്തിനുനേരെ വാള്‍ വീശി രക്ഷപ്പെട്ട പ്രതിയെ അറസ്റ്റുചെയ്തു. മുട്ടയ്ക്കാട് കൈലിപ്പാറ കോളനിയില്‍ കണ്ണന്‍ എന്നുവിളിക്കുന്ന ഗോകുലിനെ(26) ആണ് ഒളിസങ്കേതത്തില്‍ നിന്ന് കോവളം പോലീസ് അറസ്റ്റുചെയ്തത്.
കോളീയൂര്‍ ഭാഗത്തെ റസിഡന്‍സില്‍പ്പെട്ട ഭാരവാഹികളെയും പ്രദേശവാസികളെയും തടഞ്ഞുനിര്‍ത്തി പണം പിടിച്ചുവാങ്ങുകയും നല്‍കാത്തവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലായിരുന്നു കോവളം എസ്.ഐ. പ്രദീപ് ഉള്‍പ്പെട്ട സംഘം ഇയാളുടെ വീട് അന്വേഷിച്ചെത്തിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന പ്രതി വാളെടുത്ത് ഉദ്യോഗസ്ഥര്‍ക്ക് നേരെ വീശുകയും ഇഷ്ടികയെടുത്ത് പോലീസ് ജീപ്പിന്റെ പിന്‍ഭാഗത്തുളള ഗ്ലാസ് ചില്ലിനെ എറിഞ്ഞുതകര്‍ക്കുകയും ചെയ്തശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒരുരാത്രിമുഴുവന്‍ നടത്തിയ തിരച്ചിലില്‍ ഇയാളെ ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടുകയായിരുന്നു.
പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ജീപ്പ്എറിഞ്ഞുതകര്‍ത്തതിനും ഇയാള്‍ക്കെതിരെ കോവളം പോലീസ് കേസെടുത്തു. കണ്ണന്‍ കാപ്പപ്രകാരം പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. വിഴിഞ്ഞം, കോവളം, നേമം, തിരുവല്ലം ഉള്‍പ്പെട്ട സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ഇയാളെ റിമാന്‍ഡ് ചെയ്തു.