മുംബൈ: പൂനെയിലെ പ്രമുഖ ബില്‍ഡറുടെ 17 വയസ്സുള്ള മകന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് യുവ ടെക്കികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിന് മുമ്പ് യുവാവ് പ്ലസ് ടു വിജയച്ചതിന്റെ പാര്‍ട്ടി നടത്താനായി കൂട്ടുകാര്‍ക്കൊപ്പം രണ്ടു പബ്ബുകളിലാണ് ചെലവഴിച്ചത്. അതിലൊരു പബ്ബില്‍ ഒന്നരമണിക്കൂറിന് 48,000 രൂപ ചെവഴിച്ചതായി പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രി 10.40 ന് കൗമാരക്കാരനും സുഹൃത്തുക്കളും സന്ദര്‍ശിച്ച ആദ്യത്തെ പബ്ബായ കോസിയില്‍ 48,000 രൂപ ബില്ല് അടച്ചതായി പൂനെ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.
”ഈ പബ്ബിന്റെ സമയം കഴിഞ്ഞതിനാല്‍ 12.10 ന് അവര്‍ രണ്ടാമത്തെ പബ്ബായ ബ്ലാക് മാരിയോട്ടിലേക്ക് പോയി. 17 കാരന്‍ അടച്ച 48,000 രൂപയുടെ ബില്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ബില്ലില്‍ പബ്ബില്‍ വിളമ്പിയ മദ്യത്തിന്റെ വിലയും ഉള്‍പ്പെടുന്നതായി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. 17 കാരനും കൂട്ടുകാരും പബ്ബുകള്‍ സന്ദര്‍ശിക്കുകയും കാര്‍ ഓടിക്കുന്നതിന് മുമ്പ് മദ്യം കഴിക്കുകയും ചെയ്തിരുന്നു. ഇവര്‍ മദ്യം കഴിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. ഇവരുടെ രക്തസാമ്പിള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും അതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്”..എ.സി.പി പറഞ്ഞു.
സാഹചര്യങ്ങളുടെയും ഇതുവരെ ശേഖരിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍, 17 കാരനെതിരെ പൂനെ പൊലീസ് മദ്യപിച്ച് വണ്ടിയോടിച്ചതിന് കേസെടുത്തിരുന്നു. സംഭവത്തില്‍ കൗമാരക്കാരന്റെ പിതാവിനെയും മദ്യം വിളമ്പിയ രണ്ട് ബാറുകളുടെ ഉടമകളും പിടിയിലായിരുന്നു. കാറിന്റെ ഉടമയും പ്രമുഖ ബില്‍ഡറും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുമായ വിഷാല്‍ അഗര്‍വാളിനെ മഹാരാഷ്ട്രയിലെ ഔറംഗബാദിലെ ഛത്രപതി സംഭാജിനഗര്‍ പ്രദേശത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൂനെയിലെ കൊറേഗാവ് പാര്‍ക്കിനടുത്ത് ഞായറാഴ്ച പുലര്‍ച്ചെ പോര്‍ഷെ കാറിടിച്ച് ഇരുചക്ര വാഹനയാത്രികരായ യുവതിക്കും യുവാവിനുമാണ് ജീവന്‍ നഷ്ടമായത്. കാറോടിച്ചതാകട്ടെ 17 കാരനും. പ്രശസ്ത ബില്‍ഡറുടെ മകനായ 17കാരന്‍ ഓടിച്ചിരുന്ന പോര്‍ഷെ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. മധ്യപ്രദേശ് സ്വദേശികളും എന്‍ജിനീയര്‍മാരുമായ അനീഷ് അവാധ്യ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്.
അതേസമയം, സംഭവത്തില്‍ കൗമാരക്കാരനെ രക്ഷിക്കാനായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിലും പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രീണനത്തിന്റെയോ രാഷ്ട്രീയ സമ്മര്‍ദത്തിന്റെയോ കാര്യമില്ലെന്നും ഞങ്ങള്‍ തുടക്കം മുതല്‍ നിയമപരമായി തന്നെ മുന്നോട്ട് പോയെന്നും കമ്മീഷണര്‍ പറഞ്ഞു. അപകടത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയായ കൗമാരക്കാരന് പിസയും ബര്‍ഗറും ബിരിയാണിയും വിളമ്പിക്കൊടുത്തുവെന്ന ആരോപണവുമായി കഴിഞ്ഞദിവസം പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
അതിനി,െട സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. മദ്യപിച്ച് ലക്കുകെട്ട് രണ്ട് പേരെ കൊലപ്പെടുത്തിയതിന് 17 വയസുകാരന് എന്തിനാണ് പ്രത്യേക മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. സമ്പന്ന കുടുംബത്തിലെ കൗമാരക്കാരന്‍ മദ്യപിച്ച് പോര്‍ഷെ കാറുപയോഗിച്ച് രണ്ടുപേരെ കൊന്നിട്ട് അവനോട് ഉപന്യാസം എഴുതാനാണ് പറയുന്നത്. എന്തുകൊണ്ടാണ് അപകടമുണ്ടായ ശേഷം ബസ്, ട്രക്ക് ഓട്ടോറിക്ഷ ഡ്രൈവര്‍മാരോടോ മറ്റോ ഇത്തരം ഉപന്യാസങ്ങള്‍ എഴുതാന്‍ ആവശ്യപ്പെടാത്തതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
300 വാക്കില്‍ ഉപന്യാസമെഴുതണം എന്ന വിചിത്ര ഉപാധിയോടെയാണ് അമിതവേഗത്തില്‍ പോര്‍ഷെ കാറോടിച്ച കൗമാരക്കാരന് ജുവനൈല്‍ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിക്കാന്‍ പര്യാപ്തമായ കുറ്റകൃത്യമല്ലെന്ന് കണ്ടെത്തിയാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതുക, 15 ദിവസം യെരവാഡയിലെ ട്രാഫിക് പൊലീസിനൊപ്പം നില്‍ക്കുക, മദ്യപാനം ഉപേക്ഷിക്കാന്‍ ചികിത്സ നേടുക, മാനസികാരോഗ്യ കൗണ്‍സിലിങ്ങിന് വിധേയമാവുക എന്നിവയാണ് കൗമാരക്കാരന്റെ ജാമ്യ വ്യവസ്ഥകള്‍.