LIFELife Style

റൂം സ്പ്രേ വേണ്ട, വീട്ടുമുറ്റത്തെ ഇല പറിച്ച് മുറിയില്‍ വച്ചോളൂ; മഴക്കാലത്തെ ദുര്‍ഗന്ധം അകറ്റാം

ദിവസങ്ങളായി സംസ്ഥാന വ്യാപകമായി മഴ തകര്‍ത്തുപെയ്യുകയാണ്. വരും ദിവസങ്ങളിലും കനത്ത മഴ തന്നെയായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വീടിനുള്ളിലെ ദുര്‍ഗന്ധമടക്കമുള്ള പല പ്രശ്‌നങ്ങള്‍ മഴയ്ക്കൊപ്പം എത്തിയിരിക്കുകയാണ്.

എന്തുകൊണ്ടാണ് മഴക്കാലത്ത് വീടിനുള്ളില്‍ ദുര്‍ഗന്ധമുണ്ടാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? നിരവധി കാരണങ്ങള്‍ ഉണ്ട്. നനഞ്ഞ തുണികള്‍ വീടിനകത്ത് വിരിച്ചിടുന്നതാണ് പ്രധാന കാരണം. ഫാനിട്ട് വസ്ത്രങ്ങള്‍ ഉണക്കുന്നവരും നിരവധിയാണ്. ഇത് മുറിക്കുള്ളില്‍ പുഴുക്ക് മണം ഉണ്ടാക്കും. വസ്ത്രം ഉണങ്ങിയാലും ദുര്‍ഗന്ധം പോകില്ല. ജനലൊക്കെ തുറന്നിട്ട് മുറിക്കുള്ളില്‍ വായുസഞ്ചാരം ഉറപ്പുവരുത്തുക.

Signature-ad

തുണി അലക്കിയ ശേഷം വെള്ളം പൂര്‍ണമായും പോകാതെ വസ്ത്രങ്ങള്‍ വീടിനുള്ളില്‍ ഇടരുത്. വീടിനുള്ളില്‍ ഇടുന്ന ചവിട്ടിയും നല്ല ഉണങ്ങിയതായിരിക്കണം. കട്ടിയുള്ള ചവിട്ടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ മഴക്കാലത്ത് അത് അലക്കിയെടുക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ കഴിവതും ഇവയുടെ മുകളില്‍ മറ്റൊരു തുണിയിടുക. അങ്ങനെ വരുമ്പോള്‍ അഴുക്ക് പുരണ്ടാല്‍ ആ തുണി അലക്കിയെടുത്താല്‍ മതി.

കഴിവതും എന്നും നിലം തുടക്കുക. ഫാനിട്ടതിന് ശേഷം വേണം തുടക്കാന്‍. എന്നാല്‍ അമിതമായി വെള്ളം ഉപയോഗിക്കരുത്. തുടയ്ക്കുന്ന തുണി നന്നായി പിഴിഞ്ഞ ശേഷമേ തുടക്കാവൂ. അല്ലെങ്കില്‍ വെള്ളം പൂര്‍ണമായി പോകില്ല. ഇത് ദുര്‍ഗന്ധത്തിന് കാരണമാകും. നനവുള്ള ഷൂസ് ഒരു കാരണവശാലും വീടിനുള്ളില്‍ കൊണ്ടുവരരുത്. നനഞ്ഞ തോര്‍ത്തും മുറിക്കുള്ളില്‍ സൂക്ഷിക്കരുത്.

വീടിനുള്ളില്‍ നന്നായി ദുര്‍ഗന്ധമുണ്ടെങ്കില്‍ അവിടെ കുറച്ച് വിനാഗിരി തളിച്ചാല്‍ മതി. കര്‍പ്പൂര തുളസിയും ദുര്‍ഗന്ധം അകറ്റാന്‍ ബെസ്റ്റാണ്. ഒന്നുകില്‍ കര്‍പ്പൂര തുളസി വെള്ളത്തിലിട്ട് മുറിക്കുള്ളില്‍ വയ്ക്കുക.അല്ലെങ്കില്‍ കര്‍പ്പൂര തുളസി തൈലം വീടിനുള്ളില്‍ തളിക്കാം. പ്രാണികളെ അകറ്റാനും ഇത് സഹായിക്കും.

ഇന്ന് മാര്‍ക്കറ്റില്‍ പല തരത്തിലുള്ള എയര്‍ ഫ്രഷ്നര്‍ ലഭ്യമാണ്. എന്നാല്‍ അവ വാങ്ങി പണം ചെലവഴിക്കുന്നതിലും നല്ലത്? വീട്ടില്‍ തന്നെ കിടിലന്‍ എയര്‍ഫ്രഷ്‌നര്‍ ഉണ്ടാക്കുന്നതല്ലേ? വെള്ളം, ചെറുനാരങ്ങ, ബേക്കിംഗ് സോഡ എന്നിവ മാത്രം മതി. രണ്ട് കപ്പ് വെള്ളവും മുക്കാല്‍ കപ്പ് ബേക്കിംഗ് സോഡയും നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് അരക്കപ്പ് നാരങ്ങാനീര് ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം.ദുര്‍ഗന്ധം വമിക്കുന്നയിടങ്ങളിലെല്ലാം ഈ സ്പ്രേ അടിച്ചുകൊടുക്കാം.

 

 

Back to top button
error: