CrimeNEWS

പലതവണ പീഡിപ്പിച്ചു, തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങളാണ് എല്‍ദോസിനെതിരെ ചുമത്തിയിരിക്കുന്നത്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.

പരാതിക്കാരിയായ യുവതിയെ എം.എല്‍.എ. ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 4-നായിരുന്നു ആദ്യ സംഭവം. തുടര്‍ന്ന് തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലുംവെച്ച് ബലാത്സംഗം ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Signature-ad

കോവളത്തുവെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു. ഇതിന്റെ പേരിലാണ് വധശ്രമക്കുറ്റം ചുമത്തിയത്. യുവതിയുമായി എം.എല്‍.എയ്ക്ക് അഞ്ചുവര്‍ഷത്തെ പരിചയമുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ ആദ്യം യുവതിയുടെ പരാതി പലതവണ അവഗണിക്കുകയും ഒത്തുതീര്‍പ്പിനു ശ്രമിക്കുകയും ചെയ്ത കോവളം സി.ഐക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേസ് കോവളം പോലീസില്‍നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്കു കൈമാറിയശേഷം നല്‍കിയ മൊഴിയിലും പീഡനാരോപണത്തില്‍ യുവതി ഉറച്ച് നിന്നതോടെയാണ് ബലാത്സംഗക്കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

2022 സെപ്റ്റംബര്‍ 28-നാണ് പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു കൊണ്ടുപോകുന്ന വഴി വീണ്ടും ഉപദ്രവിച്ചുവെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് യുവതി പരാതി നല്‍കി. കേസ് കോവളം പോലീസിന് കൈമാറിയെങ്കിലും ഒക്ടോബറിലാണ് അന്വേഷണം തുടങ്ങിയത്. തുടക്കത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ സി.ഐ. ശ്രമിച്ചെന്നു യുവതി ആരോപിച്ചിരുന്നു. പരാതി പിന്‍വലിച്ചാല്‍ 30 ലക്ഷംരൂപ നല്‍കാമെന്ന് എം.എല്‍.എ. വാഗ്ദാനം ചെയ്തിരുന്നുവെന്നും പിന്നീട് യുവതി വെളിപ്പെടുത്തിയിരുന്നു. കേസില്‍ നിരപരാധിയാണെന്ന് കാട്ടി എം.എല്‍.എ. പിന്നീട് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതും വിവാദമായിരുന്നു. പണം ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതിനെ തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചതെന്നാണ് എല്‍ദോസ് ആരോപിച്ചത്.

Back to top button
error: