ഗാസയിലെ ‘ബോര്‍ഡ് ഓഫ് പീസി’ലേക്ക് ഇന്ത്യക്കു ട്രംപിന്റെ ക്ഷണം; സ്ഥിരീകരിച്ച് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; ഗാസയിലടക്കം സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സൈന്യവും ഇറങ്ങുമോ? തീരുവയിലെ പിണക്കത്തിനിടെ പുതിയ നീക്കം

ന്യൂയോര്‍ക്ക്: ഗാസ ഉള്‍പ്പെടെയുള്ളയിടങ്ങളിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ എന്ന സംരംഭത്തില്‍ ചേരാന്‍ ഇന്ത്യക്കും ക്ഷണം. മുതിര്‍ന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്.
ഈ സംരംഭത്തില്‍ ഇന്ത്യ പങ്കുചേരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിനോടുള്ള പ്രതികരണത്തിനായി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും അവര്‍ ഉടന്‍ പ്രതികരിച്ചില്ല. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ യുഎസില്‍ 50 ശതമാനം വരെ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്. ഇത് കുറയ്ക്കുന്നതിനായുള്ള വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇതുവരെ ധാരണയില്‍ എത്താന്‍ സാധിച്ചിട്ടില്ല. ഉഭയകക്ഷി ബന്ധത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യയ്ക്ക് ട്രംപിന്റെ ക്ഷണം ലഭിക്കുന്നത്.
ഇന്ത്യ ഉള്‍പ്പെടെ 60-ഓളം രാജ്യങ്ങളെ ട്രംപ് ഈ സംരംഭത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനും ഇതില്‍ ഉള്‍പ്പെടുന്നു. പലസ്തീനിലെ ഗാസയില്‍ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളില്‍ സഹകരിക്കുമെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
നേരത്തേ, ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അനുകൂലമായി വോട്ട് ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ നടപ്പാക്കല്‍, പുനര്‍നിര്‍മ്മാണം, ഗാസയിലെ ഭരണം എന്നിവയ്ക്കായുള്ള സമഗ്രമായ ആദ്യ അന്താരാഷ്ട്ര രൂപരേഖയായ അമേരിക്കയുടെ 20 ഇന ചട്ടക്കൂടിനും യുഎന്‍ അംഗീകാരം ലഭിച്ചിരുന്നു. യുകെ, ഫ്രാന്‍സ്, സൊമാലിയ ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. ആരും എതിര്‍ത്ത് വോട്ട് ചെയ്തില്ല. റഷ്യയും ചൈനയും വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.
ട്രംപിന്റെ രൂപരേഖ ഉള്‍ക്കൊള്ളുകയും, പുനര്‍നിര്‍മ്മാണത്തിന് നേതൃത്വം നല്‍കാനും ഗാസയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും ഉദ്ദേശിക്കുന്ന ഇടക്കാല സംവിധാനമായ ‘ബോര്‍ഡ് ഓഫ് പീസില്‍’ ചേരാന്‍ യുഎന്‍ അംഗരാജ്യങ്ങളെ ക്ഷണിക്കുന്നതാണ് പ്രമേയം. രാജ്യാന്തര ഇടപെടല്‍ ഉറപ്പാക്കുന്നതിനൊപ്പം ഹമാസിനെ നിരായുധീകരിക്കുക, ആയുധങ്ങള്‍ നിര്‍വീര്യമാക്കുക, രാജ്യാന്തര സൈന്യത്തെ രൂപീകരിക്കുക എന്നിവയും പ്രമേയത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടു. പലസ്തീന്‍ അതോറിട്ടി മേഖലയില്‍ പരിഷ്‌കാരങ്ങള്‍ക്കു നേതൃത്വം വഹിക്കുകയും ചെയ്താല്‍ ഭാവിയില്‍ പലസ്തീന്‍ രാജ്യരൂപീകരണത്തിനും വഴിയൊരുക്കുന്നതാണ് കരാര്‍.
ഇസ്രയേല്‍ ആദ്യ ഘട്ടത്തില്‍ എതിര്‍ത്തെങ്കിലും പിന്നീടു ട്രംപിന്റെ നിര്‍ദേശങ്ങള്‍ക്കു വഴങ്ങുകയായിരുന്നു. വീറ്റോ അധികാരമുള്ള റഷ്യ ആദ്യം കരാറിനെ എതിര്‍ത്തെങ്കിലും യുഎന്‍ സഭയില്‍ വോട്ട് രേഖപ്പെടുത്താതെ വിട്ടുനിന്നു. ഇതു കരാറിനുള്ള പരോക്ഷമായ അംഗീകാരമായിട്ടാണു വിലയിരുത്തുന്നത്. ചൈനയുടെ അംബാസഡറും ഈ വഴിയാണു സ്വീകരിച്ചത്. പ്രമേയത്തെ പലസ്തീന്‍ അതോറിട്ടിയും പിന്തുണച്ചു രംഗത്തുവന്നു. കരാര്‍ നടപ്പാക്കാനുള്ള എല്ലാ പദ്ധതികളുടെയും ഭാഗമാകുമെന്നും അതോറിട്ടിയുടെ ഇടപെടലിനെത്തുടര്‍ന്നാണു റഷ്യ പ്രമേയം വീറ്റോ ചെയ്യാതിരുന്നതെന്നും വക്താക്കള്‍ പറഞ്ഞു.






