IndiaNEWS

‘ബൈഭവ് കുമാറിനെതിരെ കേസ് കൊടുക്കുന്നതു വരെ ഞാന്‍ ലേഡി സിങ്കം, ഇപ്പോള്‍ ബി.ജെ.പി ഏജന്റ്’; എഎപിക്കെതിരെ സ്വാതി മാലിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി.എ ബൈഭവ് കുമാറിനെതിരെ പരാതി നല്‍കുന്നതുവരെ തന്നെ ലേഡി സിങ്കം എന്നാണ് വിളിച്ചിരുന്നതെന്നും എന്നാല്‍ ഇന്ന് താന്‍ ബി.ജെ.പി ഏജന്റായെന്നും എഎപി രാജ്യസഭാംഗം സ്വാതി മാലിവാള്‍.

”ഇന്നലെ മുതല്‍ ഡല്‍ഹി മന്ത്രിമാര്‍ അഴിമതിയുടെ പേരില്‍ എനിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായി നുണകള്‍ പ്രചരിപ്പിക്കുകയാണ്. എട്ട് വര്‍ഷം മുമ്പ് 2016ലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനുശേഷം മുഖ്യമന്ത്രിയും ലഫ്റ്റനന്റ് ഗവര്‍ണറും ചേര്‍ന്ന് എന്നെ രണ്ട് തവണ ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണായി നിയമിച്ചു. പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്ത കേസ് പൂര്‍ണമായും വ്യാജമായിരുന്നു” സ്വാതി എക്‌സില്‍ കുറിച്ചു. ‘അവരുടെ അഭിപ്രായത്തില്‍, ബൈഭവ് കുമാറിനെതിരെ പരാതി നല്‍കുന്നതുവരെ ഞാന്‍ ‘ലേഡി സിങ്കം’ ആയിരുന്നു, ഇന്ന് ഞാന്‍ ഒരു ബിജെപി ഏജന്റായി മാറിയിരിക്കുന്നു,’ മാലിവാള്‍ കൂട്ടിച്ചേര്‍ത്തു.

Signature-ad

”ഞാന്‍ സത്യം പറഞ്ഞതിനാല്‍ മുഴുവന്‍ ട്രോള്‍ സൈന്യത്തെയും എനിക്കെതിരെ വിന്യസിച്ചു. പാര്‍ട്ടിയിലെ എല്ലാവരെയും വിളിച്ച് സ്വാതിയുടെ പേഴ്‌സണല്‍ വീഡിയോ ഉണ്ടെങ്കില്‍ അയക്കാനും അത് ലീക്കാകണമെന്നും അവര്‍ പറഞ്ഞു. അവര്‍ എന്റെ ബന്ധുക്കളുടെ കാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ട്വീറ്റ് ചെയ്തുകൊണ്ട് അവരുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. കൊള്ളാം, നുണകള്‍ അധികകാലം നിലനില്‍ക്കില്ല. പക്ഷേ, അധികാരത്തിന്റെ ലഹരിയിലും ആരെയെങ്കിലും താഴെയിറക്കാനുള്ള വ്യഗ്രതയിലും സത്യം പുറത്തുവരുമ്പോള്‍ വീട്ടുകാരുടെ കണ്ണില്‍ പോലും നോക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകരുത്.നിങ്ങള്‍ പ്രചരിപ്പിക്കുന്ന ഓരോ നുണയ്ക്കും ഞാന്‍ നിങ്ങളെ കോടതിയില്‍ കൊണ്ടുവരും”സ്വാതി കുറിച്ചു.

അതേസമയം, ബൈഭവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ഉച്ചയോടെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയേക്കും. മര്‍ദനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പൊലീസ് ചോദിക്കുന്നത്.അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കയ്യേറ്റം ചെയ്‌തെന്നാണ് സ്വാതി മാലിവാളിന്റെ പരാതി. ബൈഭവ് കുമാര്‍ തന്റെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും കെജ്‌രിവാളിന്റെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നും കാണിച്ച് സ്വാതി പൊലീസിന് മൊഴിയും നല്‍കിയിരുന്നു. സ്വാതിയെ കെജ്രിവാളിന്റെ വസതിയിലെത്തിച്ച് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു.

 

Back to top button
error: