CrimeNEWS

സ്വന്തം വൃക്ക വിറ്റതോടെ സാധ്യത മനസിലാക്കി; അവയവക്കടത്ത് കേസില്‍ സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

കൊച്ചി: അവയവക്കടത്ത് കേസിലെ പ്രതി സബിത്ത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം. 2019ല്‍ സ്വന്തം വൃക്ക വിറ്റതോടെയാണ് ഈ മേഖലയിലെ സാധ്യത താന്‍ തിരിച്ചറിഞ്ഞത് എന്നാണ് സബിത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയെന്നാണ് വിവരം. തുടര്‍ന്നാണ് ഇയാള്‍ ഇരകളെ തേടി തുടങ്ങിയത്.

പാലക്കാട് സ്വദേശി ഷെമീര്‍ എന്നയാളെയാണ് സബിത്ത് വൃക്ക നല്‍കാനായി കേരളത്തില്‍ നിന്ന് ഇറാനില്‍ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷെമീറിനായുള്ള അന്വേഷണത്തില്‍ ആണ് പൊലീസ്. ഇയാളെ കണ്ടെത്തി പരാതിയില്‍ തുടര്‍ നടപടികള്‍ എടുക്കാനാണ് തീരുമാനം. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കള്‍ ആണെന്ന് സബിത് നാസര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.

Signature-ad

അവയവക്കടത്തിനായി സബിത്ത് കടത്തിയത് എന്നു കരുതുന്ന ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരാണ്. ഇവര്‍ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളാണോ അതോ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്തതാണോ എന്ന് വ്യക്തമല്ല.

അവയവത്തിനായി കടത്തുന്നവര്‍ക്ക് സബിത്ത് വ്യാജ ആധാറും പാസ്പോര്‍ട്ടും സംഘടിപ്പിച്ചിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. നിയമപരമായ രീതിയിലാണ് വൃക്കദാനം എന്നു വിശേഷിപ്പിച്ചാണ് ഇയാള്‍ ഇരകളെ ഇറാനിലേക്ക് കൊണ്ടുപോയിട്ടുള്ളത്. ഇവരില്‍ ചിലര്‍ തിരികെ എത്തിയിട്ടില്ലെന്നും മരിച്ചു എന്നും വിവരമുണ്ട്. 10 ലക്ഷം വരെയാണ് ഇരകള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് എങ്കിലും ആറു ലക്ഷം രൂപയൊക്കെയാണ് നല്‍കുന്നത് എന്ന് സബിത്ത് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആള്‍ക്ക് ഒന്നിന് 5 ലക്ഷം രൂപയാണ് സബിത്തിന്റെ കമ്മിഷന്‍.

 

Back to top button
error: