CrimeNEWS

”കൊല്ലുമെടീ എന്ന് ആക്രോശിച്ച് രാഹുല്‍ മര്‍ദിച്ചു; പുലര്‍ച്ചെ അലമുറയിട്ട് കരഞ്ഞിട്ടും ആരും സഹായത്തിനു വന്നില്ല”

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂരമായ മര്‍ദനമെന്ന് യുവതി. കഴുത്തില്‍ കേബിള്‍ കുരുക്കി കൊല്ലാന്‍ ശ്രമിച്ചു. ഭര്‍ത്താവ് ആക്രമിച്ചത് സ്ത്രീധനത്തിന്റെ പേരിലാണെന്നും യുവതി പറഞ്ഞു. ആക്രമണം പൊലീസ് നിസാരവത്കരിക്കുകയും ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും യുവതി ആരോപിച്ചു. കരണത്തടിച്ചാണ് രാഹുല്‍ മര്‍ദനം തുടങ്ങിയതെന്നും യുവതി പറഞ്ഞു.

”കൂടുതല്‍ സ്ത്രീധനം നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. വിവാഹത്തിനു മുന്‍പു തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തിയതാണെന്ന് ഞാന്‍ രാഹുലിനോടു പറഞ്ഞു. അതിനു ശേഷമാണല്ലോ ഇക്കാര്യം മുന്നോട്ടു കൊണ്ടുപോയത്. ഇനി അതിനെക്കുറിച്ച് ഒരു ചര്‍ച്ചയുടെ ആവശ്യമില്ലല്ലോയെന്നും രാഹുല്‍ കൂടി സമ്മതിച്ചതു കൊണ്ടാണല്ലോ വിവാഹാലോചന മുന്നോട്ടു പോയതെന്നും ഞാന്‍ ഓര്‍മിപ്പിച്ചു.

Signature-ad

”ഇതോടെയാണ് തര്‍ക്കമുണ്ടായത്. രാത്രിയിലാണ് എന്നെ മര്‍ദിച്ചത്. അന്നു രാവിലെ രാഹുല്‍ അടച്ചിട്ട മുറിയില്‍ അമ്മയുമായി കുറേസമയം സംസാരിച്ചിരുന്നു. ആ മുറിയിലേക്ക് എന്നെ കയറ്റിയില്ല. അമ്മ എന്താണ് പറഞ്ഞതെന്നു ഞാന്‍ രാഹുലിനോട് ചോദിച്ചു. നീ അത് അറിയേണ്ട എന്നായിരുന്നു മറുപടി.

”മുഷ്ടി ഉപയോഗിച്ച് തലയുടെ ഒരുവശത്ത് പലതവണ മര്‍ദിച്ചു. ചാര്‍ജറിന്റെ കേബിള്‍ എടുത്ത് കഴുത്തില്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു. കൊല്ലുമെടീ എന്ന് പറഞ്ഞായിരുന്നു മര്‍ദനം. ആ സമയത്ത് വാതില്‍ തുറന്ന് ഞാന്‍ ഓടാന്‍ ശ്രമിച്ചു. അതോടെ എന്നെ പിടിച്ച് അവിടെ കിടത്തി പിന്നില്‍ ബെല്‍റ്റിന് അടിച്ചു. അപ്പോഴെല്ലാം ഞാന്‍ ഉറക്കെ കരഞ്ഞു. പുലര്‍ച്ചെ ഒരു മണിക്കായിരുന്നു ഇത്. എന്നാല്‍ ആരും സഹായത്തിന് എത്തിയില്ല. തുടര്‍ന്ന് ബോധരഹിതയായി. പിന്നീട് ബോധം വന്നപ്പോള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു.

”വേദന സഹിക്കാനാകാതെ വലിയ വായില്‍ അലമുറയിട്ടാണ് ഞാന്‍ കരഞ്ഞത്. ഒന്നും ചെയ്യല്ലേയെന്ന് പറഞ്ഞാണ് കരഞ്ഞത്. ഇതിനിടെ ആരോ പടി കയറി മുകളിലേക്കു വരുന്നുണ്ടായിരുന്നു. ആരോ വരുന്നുണ്ട്, ശബ്ദമുണ്ടാക്കരുതെന്ന് മര്‍ദ്ദിക്കുന്നതിനിടെ രാഹുല്‍ തന്നെ പറയുന്നുണ്ടായിരുന്നു. പക്ഷേ, കുറച്ചുനേരെ കഴിഞ്ഞപ്പോഴേയ്ക്കും ആ ശബ്ദം പോവുകയും ചെയ്തു. ഞങ്ങളുടെ അടുത്ത റൂമില്‍ രാഹുലിന്റെ സുഹൃത്ത് രാജേഷ് കിടക്കുന്നുണ്ടായിരുന്നു. എന്റെ കരച്ചില്‍ അദ്ദേഹം കേട്ടിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷേ ആരും സഹായത്തിനു വന്നില്ല.

”എന്നെ ആശുപത്രിയില്‍ കാണിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്കു പോയത്. ഞാന്‍ ഈ പറഞ്ഞ കാര്യങ്ങളെല്ലാം പൊലീസിനു മുന്നിലും അതേപടി പറഞ്ഞതാണ്. പക്ഷേ, മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്തു മുറുക്കി കൊല്ലാന്‍ ശ്രമിച്ചത് ഉള്‍പ്പെടെ ഞാന്‍ പറഞ്ഞ പ്രധാനപ്പെട്ട പല കാര്യങ്ങളും അവര്‍ രേഖപ്പെടുത്തിയില്ല എന്നാണ് ഏറ്റവും ഒടുവില്‍ അറിഞ്ഞത്. ഞങ്ങള്‍ അവിടെ എത്തുന്നതിനു മുന്‍പേ രാഹുല്‍ എത്തിയിരുന്നു. പൊലീസുകാരുടെ തോളില്‍ സുഹൃത്തുക്കളേപ്പോലെ കയ്യിട്ടു നടക്കുന്നതാണ് ഞങ്ങള്‍ കണ്ടത്. ഒരു ഒത്തുതീര്‍പ്പിനുള്ള ശ്രമമാണ് അവിടെ കണ്ടത്.

”ഇതെല്ലാം സ്വാഭാവികമല്ലേ, ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ നടക്കുന്നതല്ലേ, എല്ലാം മറന്നേക്കൂ എന്നൊക്കെയാണ് പൊലീസുകാര്‍ പറഞ്ഞത്. സിഐയുടെ മുറിയില്‍ ഞാനും അച്ഛനും രാഹുലുമാണ് ഉണ്ടായിരുന്നത്. ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. എന്നെ ഇത്രയും മര്‍ദ്ദിച്ചയാളുടെ കൂടെ തുടരാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ പറയുകയും ചെയ്തു.

”വിസ്മയ, ഉത്ര തുടങ്ങിയവര്‍ക്ക് സംഭവിച്ച കാര്യങ്ങള്‍ അച്ഛന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അതെല്ലാം റിപ്പോര്‍ട്ടര്‍മാര്‍ തള്ളിയുണ്ടാക്കുന്നതാണ്, അതില്‍ വലിയ കാര്യമില്ല എന്നാണ് പറഞ്ഞത്. എങ്കിലും കേസെടുക്കണമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍, ഇതിനൊക്കെ കേസുണ്ടോയെന്ന് ചോദിച്ച് പരിഹസിച്ചു. രാഹുലിന്റെ പക്ഷത്തുനിന്ന് സംസാരിക്കുന്നതുപോലെയാണ് എനിക്കു തോന്നിയത്.” -യുവതി പറഞ്ഞു.

Back to top button
error: