KeralaNEWS

പ്രശ്നപരിഹാരത്തിന് വഴിതെളിയുന്നു; ഡ്രൈവിങ് സ്‌കൂള്‍ ഉടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: ദിവസങ്ങളോളം നീണ്ടുനിന്ന ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരത്തിനൊടുവില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധനായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഡ്രൈവിങ് സ്‌കൂള്‍ പ്രതിനിധികളുമായിചര്‍ച്ച നടത്താന്‍ ഗതാഗത മന്ത്രി തയ്യാറാണെന്ന് അറിയിച്ചതോടെ സമരം അവസാനിക്കാന്‍ വഴിയൊരുങ്ങി.

ബുധനാഴ്ച വൈകുന്നേരം മൂന്നിനാണ് ചര്‍ച്ച. ഡ്രൈവിങ് സ്‌കൂളുകാരുടെ എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തും. ഡ്രൈവിങ് ടെസ്റ്റില്‍ നടത്തിയ പരിഷ്‌കരണങ്ങളാണ് സമരത്തിന് വഴിയൊരുക്കിയത്. 12 ദിവസത്തോളം നീണ്ടുനിന്ന സമരത്തെ തുടര്‍ന്ന് ടെസ്റ്റുകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു.

Signature-ad

മിക്ക ടെസ്റ്റിങ് ഗ്രൗണ്ടുകളിലും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. സമരക്കാര്‍ വാഹനം വിട്ടുനല്‍കാതിരുന്നതിനെ തുടര്‍ന്ന് ടെസ്റ്റ് നടത്താനെത്തിയവര്‍ക്ക് തിരികെ പോകേണ്ടിയും വന്നു. സമരം നീണ്ടുനില്‍ക്കുന്നതിനിടെ മന്ത്രിയെ വിമര്‍ശിച്ച് സിപിഎം നേതാവ് എ.കെ ബാലനും രംഗത്തുവന്നിരുന്നു. സിപിഎം അനുകൂല യൂണിയനായ സിഐടിയുവും സമരക്കാര്‍ക്ക് പിന്തുണ നല്‍കിയിരുന്നു.

സംയുക്ത സമരസമിതി പ്രതിഷേധം കടുപ്പിക്കുകയും മന്ത്രി വിദേശ യാത്രയിലുമായതോടെ ഡ്രൈവിങ് ടെസ്റ്റുകള്‍ മുടങ്ങുകയും നിരവധി വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സമരക്കാരെ കാണാന്‍ മന്ത്രി തയ്യാറാകുന്നത്.

 

Back to top button
error: