CrimeNEWS

പറക്കും കള്ളന്‍ കുടുങ്ങി; വിമാനത്തില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതി പിടിയില്‍

ന്യൂഡല്‍ഹി: വിമാനങ്ങളില്‍ യാത്രചെയ്ത് സഹയാത്രികരുടെ വിലപ്പിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നയാള്‍ ഡല്‍ഹിയില്‍ പിടിയിലായി. ഡല്‍ഹി പഹാഡ്ഗഞ്ച് സ്വദേശിയായ രാജേഷ് കപൂറിനെയാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. ഒരുവര്‍ഷത്തിനിടെ 200-ഓളം വിമാനയാത്രകള്‍ ചെയ്ത ഇയാള്‍ സ്വര്‍ണഭാരണങ്ങള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കളാണ് മോഷ്ടിച്ചിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് യാത്രചെയ്താണ് രാജേഷ് കവര്‍ച്ചകള്‍ നടത്തിയിരുന്നത്. കഴിഞ്ഞമാസം ഹൈദരാബാദില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഒരു യാത്രക്കാരി ഇയാളുടെ കവര്‍ച്ചയ്ക്കിരയായിരുന്നു. ഏകദേശം ഏഴുലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇവരുടെ ഹാന്‍ഡ് ബാഗില്‍നിന്ന് നഷ്ടപ്പെട്ടത്. ഇതിനുപിന്നാലെ യു.എസില്‍നിന്നുള്ള മറ്റൊരു യാത്രക്കാരനും സമാന പരാതിയുമായി പോലീസിന് മുന്നിലെത്തി.

Signature-ad

20 ലക്ഷം രൂപയുടെ വസ്തുക്കള്‍ തന്റെ കാബിന്‍ ബാഗില്‍നിന്ന് മോഷണം പോയെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഇതോടെ വിമാനയാത്രയ്ക്കിടെ കവര്‍ച്ച നടത്തുന്നയാള്‍ക്കായി ഡല്‍ഹി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഡല്‍ഹി, ഹൈദരാബാദ്, അമൃത്സര്‍ വിമാനത്താവളങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കി. ഈ പരിശോധനയിലാണ് രാജേഷിലേക്ക് അന്വേഷണമെത്തിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ‘പറക്കും കള്ളനെ’ പോലീസ് തിരിച്ചറിഞ്ഞത്. ഇയാളുടെ വീട്ടില്‍നിന്ന് മോഷണമുതലുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷണമുതലുകള്‍ വാങ്ങിയ ജൂവലറി ഉടമയും ഇയാള്‍ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്.

വിമാനയാത്രയ്ക്കിടെ മോഷണം പതിവാക്കിയ രാജേഷ് ഡല്‍ഹി പഹാഡ്ഗഞ്ചില്‍ സ്വന്തമായി ഗസ്റ്റ് ഹൗസ് നടത്തുന്നയാളാണെന്നാണ് പോലീസ് പറയുന്നത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് സമീപത്തായുള്ള ‘റിക്കി ഡീലക്സ്’ എന്ന ഗസ്റ്റ് ഹൗസിന്റെ ഉടമയാണ് ഇയാള്‍. ഇതേ കെട്ടിടത്തിന്റെ മൂന്നാംനിലയിലായിരുന്നു പ്രതിയുടെയും താമസം. ഡല്‍ഹി കേന്ദ്രീകരിച്ച് ‘മണി എക്സ്ചേഞ്ച്’ ബിസിനസും ഡല്‍ഹിയിലെ മറ്റൊരിടത്ത് മൊബൈല്‍ഫോണ്‍ സര്‍വീസ് സെന്ററും രാജേഷിനുണ്ട്. ഇതിനുപുറമേയാണ് വിമാനങ്ങളില്‍ യാത്രചെയ്ത് കവര്‍ച്ചയും നടത്തിയിരുന്നത്.

നേരത്തെ ട്രെയിനുകളിലായിരുന്നു രാജേഷിന്റെ കവര്‍ച്ച. ഇത് വിജയം കണ്ടതോടെയാണ് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും കവര്‍ച്ച ആരംഭിച്ചത്. ഒരിക്കല്‍ ട്രെയിനിലെ കവര്‍ച്ചയ്ക്കിടെ പിടിക്കപ്പെട്ടപ്പോള്‍ ഇനി വിമാനത്താവളങ്ങളില്‍ മാത്രം മോഷണം നടത്തിയാല്‍ മതിയെന്ന് പ്രതി തീരുമാനിക്കുകയായിരുന്നു.

വിമാനയാത്രക്കാരില്‍ പ്രായമേറിയവരെയും സ്ത്രീകളെയുമാണ് രാജേഷ് കപൂര്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ചണ്ഡീഗഢ്, ബെംഗളൂരു, മുംബൈ, അമൃത്സര്‍ തുടങ്ങി രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മോഷണത്തിനായി ഇരുന്നൂറോളം വിമാനയാത്രകളാണ് പ്രതി നടത്തിയത്. 110 ദിവസങ്ങളിലായി രാജ്യത്തെ പലഭാഗങ്ങളിലേക്കും ഇയാള്‍ യാത്രനടത്തി.

 

Back to top button
error: