തിരുവനന്തപുരം കരമനയിലെ അഖില്‍ വധക്കേസില്‍ മുഖ്യപ്രതി അപ്പു പൊലീസിന്റെ പിടിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അപ്പു. തമിഴ്‌നാട്ടിലെ വെള്ളിലോഡ് എന്ന സ്ഥലത്തു നിന്നാണ് അപ്പുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ 4 പേര്‍ നേരത്തെ പിടിയിലായിരുന്നു.
കേസിലെ 7 പ്രതികളില്‍ 5 പേര്‍ ഇപ്പോള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അഖിലിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കിരണ്‍, ഹരിലാല്‍, കിരണ്‍ കൃഷ്ണ എന്നിവരാണ് നേരത്തെ പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മറ്റൊരു പ്രതി അനീഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
കുട്ടപ്പന്‍ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്ത് സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നത്. കൊലപാതകത്തിലും അനീഷ് നേരിട്ട് പങ്കെടുത്തിരുന്നു. അനീഷും ഹരിലാലും അനന്തു കൊലക്കേസിലെ പ്രതികള്‍ കൂടിയാണ്. ഹരിലാല്‍ ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും പങ്കാളിയാണ്.
തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട് ബാറില്‍ നടന്ന അക്രമത്തില്‍ പങ്കാളിയാണ് കിരണ്‍ കൃഷ്ണ. ഇയാള്‍ അഖിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. കിരണ്‍ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. മുഖ്യപ്രതി അപ്പുവിനെ രക്ഷപ്പെടാന്‍ സഹായിച്ചത് കിരണ്‍ ആണെന്ന് പൊലീസ് പറയുന്നു.
കരമനയില്‍ കാറിലെത്തിയ സംഘം 26 കാരനായ അഖിലിനെ തലക്കടിച്ച് കൊന്നത് കഴിഞ്ഞ ദിവസമാണ്. കാറിലെത്തിയ സംഘം അഖിലിനെ കമ്പി വടി കൊണ്ടു തലക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത് ഇടിച്ചു കൊല്ലുകയായിരുന്നു. പ്രതികള്‍ ഇന്നോവയില്‍ എത്തി അഖിലിനെ കയറ്റിക്കൊണ്ടു പോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.