തിക്കുറിശ്ശി സുകുമാരൻ നായർ നായകനായ ‘ജീവിതനൗക’ എന്ന സിനിമയിലെ ‘ആനത്തലയോളം വെണ്ണതരാം…’ എന്ന ഗാനരംഗത്തിലൂടെ പ്രശസ്തയായ നടി ബേബി ഗിരിജ (83) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടിൽ ഇന്നലെ (ശനി) വൈകീട്ടായിരുന്നൂ അന്ത്യം.
സിനിമാലോകത്ത് ബേബി ഗിരിജ എന്നറിയപ്പെട്ട പി.പി ഗിരിജ 1951-ൽ കെ. വെമ്പു സംവിധാനം ചെയ്ത ‘ജീവിതനൗക’യിൽ നായിക ബി.എസ് സരോജ അഭിനയിച്ച ലക്ഷ്മി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് അവതരിപ്പിച്ചത്. അടുത്ത വർഷം ‘അച്ഛൻ’, ‘വിശപ്പിന്റെ വിളി’, ‘പ്രേമലേഖ’എന്നീ സിനിമകളിൽ അഭിനയിച്ചു. ‘അവൻ വരുന്നു’, ‘പുത്ര ധർമം’ (1954), ‘കിടപ്പാടം’ (1955) തുടങ്ങിയ സിനിമകളിലും വേഷമിട്ടു.
കണ്ണൂർ സ്വദേശികളായ അനന്തന്റെയും സുനീതിയുടെയും മകളാണ്. അച്ഛന്റെ ജോലിയുടെ ഭാഗമായി ഗിരിജയും 6സഹോദരങ്ങളുമടങ്ങുന്ന കുടുംബം ആലപ്പുഴയിലേക്ക് താമസംമാറി. അവിടെവെച്ച് അച്ഛൻ അനന്തനും സംവിധായകൻ കുഞ്ചാക്കോയുമായുണ്ടായ സൗഹൃദമാണ് സിനിമയിലേക്ക് വഴിതുറന്നത്.
നർത്തകികൂടിയായ ഗിരിജ നൃത്തപ്രധാനമായ വേഷങ്ങളാണ് കൂടുതലും ചെയ്തത്. പിന്നീട് ചെന്നൈ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഓഫീസറായി എത്തിയതോടെ സിനിമാരംഗം വിട്ടു. ഇന്ത്യൻ ബാങ്കിൽ ഓഫീസറായിരുന്ന ഭർത്താവ് ജയചന്ദ്രൻ നേരത്തേ മരിച്ചു. മക്കളില്ല. സംസ്കാരം ഇന്ന് (ഞായർ) ചെന്നൈയിൽ.