‘വഴക്കി’നെച്ചൊല്ലി സംവിധായകനും നടനും തമ്മില്‍ വഴക്ക്; ടൊവീനോ റിലീസ് മുടക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധന്‍
സനല്‍കുമാര്‍ ശശിധരന്റെ സംവിധാനത്തിനുള്ള ചിത്രമാണ് വഴക്ക്. ടൊവിനോയായിരുന്നു നായകനായി എത്തിയത്. ചിത്രം റിലീസ് ചെയ്തിരുന്നില്ല. നിര്‍മാതാക്കളില്‍ ഒരാളുമായ ടൊവിനോ തോമസിന് എതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സനല്‍ കുമാര്‍.
സനല്‍ കുമാര്‍ ശശിധരന്റെ കുറിപ്പ്
കച്ചവടതാല്‍പര്യങ്ങളാണ് എല്ലാകാലത്തും സമൂഹം എന്ത് അറിയണം, എന്ത് ചിന്തിക്കണം, എങ്ങനെ ചലിക്കണം എന്ന് നിശ്ചയിച്ചിരുന്നത്. എത്രതന്നെ പ്രാധാന്യം ഉണ്ടായിരുന്നാലും എല്ലാ സംഭവങ്ങളും വാര്‍ത്തകള്‍ ആവാത്തപോലെ, എത്രതന്നെ വിപ്ലവകരമായിരുന്നാലും എല്ലാ അറിവുകളും സമൂഹത്തിന്റെ മുന്നില്‍ എത്തുന്നില്ല, എല്ലാ കണ്ടുപിടിത്തങ്ങളും ശാസ്ത്രം ചര്‍ച്ചചെയ്യുന്നില്ല, എല്ലാ കലകളും പ്രസിദ്ധീകൃതമാകുന്നില്ല. കാരണം മറ്റൊന്നുമല്ല; ജനങ്ങള്‍ എന്ത് കാണണം, എങ്ങനെ ചിന്തിക്കണം എന്ന് നിശ്ചയിക്കുന്ന ഒരു സാമ്പത്തിക അജണ്ടയാണ് സമൂഹത്തെ നിയന്ത്രിക്കുന്നത് എന്നതുതന്നെ. പ്രസിദ്ധമായില്ലെങ്കില്‍ അറിവൊന്നും അറിവല്ലെന്നും കലയൊന്നും കലയല്ലെന്നും ചിന്തിക്കുന്ന ജനതയുടെ സാമാന്യബുദ്ധിയെ മുതലെടുത്തു കൊണ്ടാണ് കച്ചവട താല്പര്യങ്ങളുടെ ഈ അജണ്ട നടപ്പാക്കപ്പെടുന്നത്.
പുറമെ നിന്ന് നോക്കുമ്പോള്‍ നിര്‍ഭാഗ്യമെന്ന് തോന്നാമെങ്കിലും ഉള്ളില്‍ നിന്ന് അറിയുമ്പോള്‍ ഭാഗ്യമെന്ന് ബോധ്യമുള്ള ചില സംഭവങ്ങളിലൂടെ കടന്നുപോകാന്‍ അവസരം ലഭിച്ചിട്ടുള്ള ഒരാളായതുകൊണ്ട് എനിക്കിത് നന്നായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഒരു അനുഭവമാണ് ടൊവിനോ തോമസ് സഹനിര്‍മാണം നടത്തുകയും അഭിനയിക്കുകയും ചെയ്ത വഴക്ക് എന്ന സിനിമ എനിക്ക് സമ്മാനിച്ചത്. കോവിഡ് കാരണം മലയാളം സിനിമാവ്യവസായശാല അടഞ്ഞുകിടന്ന സമയത്താണ് വഴക്ക് ഷൂട്ട് ചെയ്യുന്നത്. കേവലം രണ്ടാഴ്ച കൊണ്ടായിരുന്നു വളരെ സങ്കീര്‍ണമായ ചിത്രീകരണരീതികള്‍ അവലംബിച്ച ആ സിനിമ പൂര്‍ത്തിയാക്കിയത്. ടൊവിനോയുടെയും എന്റെയും പ്രതിഫലം കണക്കിലെടുക്കാതെ 50 ലക്ഷം രൂപയായിരുന്നു നിര്‍മാണചെലവ്. അന്‍പത് ശതമാനം പണം ടൊവിനോയും അന്‍പത് ശതമാനം പണം എനിക്ക് കൂടി പങ്കാളിത്തമുള്ള നിര്‍മാണ കമ്പനിയായ പാരറ്റ് മൌണ്ട് പിക്‌ച്ചേഴ്‌സും നിക്ഷേപിച്ചുകൊണ്ടാണ് ബജറ്റ് കണ്ടെത്തിയത്. പാരറ്റ് മൌണ്ട് പിക്‌ച്ചേഴ്‌സിനായി പണം മുടക്കിയത് എന്റെ ബന്ധുവായ ഗിരീഷ് നായരും അദ്ദേഹത്തിന്റെ സുഹൃത്തായ ഫൈസല്‍ ഷാജിര്‍ ഹസനും ആയിരുന്നു.
വളരെ ചെറിയ ബജറ്റും വളരെ കുറഞ്ഞ ദിവസങ്ങളും ആയിരുന്നു കയ്യിലുണ്ടായിരുന്നത് എങ്കിലും വളരെ നല്ല രീതിയില്‍ തന്നെ തീരുമാനിച്ച ബജറ്റിലും സമയത്തിലും സിനിമ തീര്‍ക്കാന്‍ എനിക്ക് കഴിഞ്ഞു. സിനിമ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ തടസങ്ങള്‍ തുടങ്ങി. സിനിമയുടെ റഫ് കട്ട് കണ്ട ഒരു പ്രശസ്തമായ ഫെസ്റ്റിവല്‍ തുടക്കത്തില്‍ സിനിമ തങ്ങള്‍ക്ക് പ്രിമിയര്‍ ചെയ്യാന്‍ താല്‍പ്പര്യമുണ്ട് എന്ന് പറഞ്ഞുകൊണ്ട് എനിക്ക് മെയില്‍ അയച്ചെങ്കിലും രണ്ടാഴ്ചക്കുള്ളില്‍ തീരുമാനം മാറ്റി. എന്റെ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് നിരവധി ഫെസ്റ്റിവലുകള്‍ ‘വഴക്ക്’ തിരസ്‌കരിച്ചു. 2022 ല്‍ മുംബൈ ഫിലിം ഫെസ്റ്റിവല്‍ അതിന്റെ മത്സരവിഭാഗത്തിലേക്ക് തെരെഞ്ഞെടുത്തുകൊണ്ട് മെയില്‍ അയച്ചപ്പോള്‍ സിനിമ പുറത്തെത്താന്‍ വഴി തെളിഞ്ഞു എന്ന് ഞാന്‍ കരുതിയെങ്കിലും ആ വര്‍ഷം മുംബൈ ഫിലിം ഫെസ്റ്റിവല്‍ തന്നെ നടക്കാതെ വന്നതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.
ഐഎഫ്എഫ്‌കെയിലാണ് പിന്നെ വഴക്ക് എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ വിദൂരസാധ്യതയുണ്ടായിരുന്ന ഒരു ഇടം. എനിക്കെതിരെയുള്ള കുപ്രചാരണങ്ങളും രാഷ്ട്രീയ പ്രതിരോധവും ശക്തമായിരുന്നത് കൊണ്ട് ഐഎഫ്എഫ്‌കെയില്‍ സിനിമ തെരെഞ്ഞെടുക്കപ്പെടുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ‘വഴക്ക്’ ഒടിടി റിലീസ് ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തണമെന്ന് ഞാന്‍ ടോവിനോയോട് ആവശ്യപ്പെട്ടു. വഴക്ക് ഒരു ഫെസ്റ്റിവല്‍ സിനിമയാണെന്നും അത് സാധാരണ ജനങ്ങള്‍ ഇഷ്ടപ്പെടില്ല എന്നുമായിരുന്നു ടൊവിനോയുടെ മറുപടി. ഫെസ്റ്റിവലുകള്‍ എല്ലാം തിരസ്‌കരിച്ചതുകൊണ്ട് ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നും മുന്‍വിധികളില്ലാതെ സിനിമയെ ജനങ്ങളില്‍ എത്തിക്കാന്‍ വഴി നോക്കണം എന്നും ഞാന്‍ പറഞ്ഞെങ്കിലും ടൊവിനോ വിമുഖത തുടര്‍ന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് ഐഎഫ്എഫ്‌കെയില്‍ മലയാളം സിനിമ റ്റുഡേ വിഭാഗത്തില്‍ വഴക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ആ സിനിമയെ എല്ലാ വിഭാഗങ്ങളില്‍ നിന്നും പുറന്തള്ളാന്‍ വലിയ ചരടുവലികള്‍ നടന്നെങ്കിലും ആ വര്‍ഷം സെലക്ഷന്‍ ജൂറിയില്‍ ഉണ്ടായിരുന്ന ഷെറി ഗോവിന്ദനും രഞ്ജിത്ത് ശങ്കറും സിനിമയ്ക്ക് വേണ്ടി ഉറച്ചു നിന്നതുകൊണ്ട് വഴക്ക് ഐഎഫ്എഫ്‌കെയില്‍ ഇടം പിടിച്ചു. (ഇതെക്കുറിച്ച് വിശദമായി പിന്നെ എഴുതാം) എന്റെ മാനസിക നില തകരാറിലായെന്നും ഞാന്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നയാണ് എന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ക്ക് വഴക്ക് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചത് ഒരു തിരിച്ചടിയായി. മേളയില്‍ സിനിമകണ്ട പ്രേക്ഷകര്‍ വഴക്കിനെ ഏറ്റെടുത്തതോടെ സിനിമ വീണ്ടും ജനങ്ങളുടെ മുന്നിലെത്തും എന്ന പ്രതീക്ഷ എനിക്കുണ്ടായി. സിനിമ എത്രയും പെട്ടെന്ന് റിലീസ് ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തണം എന്ന് ഞാന്‍ ടൊവിനോയോട് പറഞ്ഞു. അപ്പോഴും അതൊരു ഫെസ്റ്റിവല്‍ സിനിമയാണെന്ന നിലപാടില്‍ ടൊവിനോ ഉറച്ചു നിന്നു.
ഒന്നുകില്‍ വഴക്ക് എന്ന സിനിമ തിയേറ്ററില്‍ എത്തിക്കണം, അല്ലെങ്കില്‍ അത് ഏങ്ങനെയെങ്കിലും ഒടിടി റിലീസ് ചെയ്യണം എന്ന് ഞാന്‍ വാശിപിടിച്ചപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളുമായി സംസാരിക്കുന്നതിനായി തന്റെ മാനേജരെ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ടൊവിനോ പറഞ്ഞു. ഏറെ താമസിയാതെ സിനിമയുടെ വിതരണ അവകാശം സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം പൂര്‍ണമായും ടൊവിനോയുടെ മാനേജരെ ഏല്‍പിക്കാന്‍ ഉള്ള ഒരു കരാറിന്റെ കരടും എനിക്ക് അയച്ചു തന്നു. കയറ്റം എന്ന എന്റെ ഒരു സിനിമയിലെ സമാനമായ സംഭവത്തിന്റെ ദുരനുഭവം കാരണം ഞാന്‍ അതിനു വഴങ്ങിയില്ല. ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ച ചെയ്യുന്നതിന് മൂന്നു മാസത്തേക്കുള്ള അധികാരം ഞാനയാള്‍ക്ക് എഴുതി നല്‍കി. പൊതുവെ വഴക്ക് എന്ന സിനിമ പുറത്തുവരുന്നത് ടോവിനോയ്ക്ക് അത്ര ഇഷ്ടമില്ല എന്ന് ഇതിനിടെ പല കാരണങ്ങള്‍ കൊണ്ടും തോന്നിയിരുന്നു. പലതും ആളുകള്‍ വലുതെന്നു കരുതുന്ന മനുഷ്യര്‍ പലരും വാസ്തവത്തില്‍ എത്ര ചെറുതാണെന്ന സത്യം എന്നെ പഠിപ്പിച്ച സംഭവങ്ങള്‍. അതുകൊണ്ട് തന്നെ എന്തെങ്കിലും നടക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതുമില്ല.
എന്താണ് ടോവിനോ ഉദ്ദേശിച്ചത് എന്നെനിക്ക് അപ്പോള്‍ മനസിലായില്ല. സിനിമ അയാള്‍ക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ അതോ മറ്റെന്തെങ്കിലും ഭീതികള്‍ ആണോ അയാളെ അലട്ടിയത് എന്നെനിക്ക് മനസിലായിരുന്നില്ല. എന്റെ കരിയറിലെ മികച്ച ഒരു സിനിമയായിരുന്നു വഴക്ക് എന്നാണ് ഇപ്പോഴും എന്റെ വിശ്വാസം. ജീവിതത്തില്‍ അവിചാരിതമായുണ്ടായ ചില സംഭവങ്ങള്‍ കാരണം ഞാന്‍ സിനിമാ സംവിധാനം നിര്‍ത്തി എന്നത് വാസ്തവമാണ്. പക്ഷെ എന്റെ നല്ല ഒരു സിനിമ ചെയ്തിട്ടാണ് അത് അവസാനിപ്പിച്ചത് എന്ന തൃപ്തിയോടെയാണ് ഞാന്‍ പടിയിറങ്ങിയത്.
2020 ഡിസംബറില്‍ ചിത്രീകരണം പൂര്‍ത്തിയാവുകയും 2021 ഏപ്രില്‍ മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാവുകയും ചെയ്ത വഴക്ക് 2024 മേയ് മാസത്തിലും പുറത്തുവന്നിട്ടില്ല. എന്തുകൊണ്ട്? ടോവിനോ തോമസ് മനസുവെച്ചാല്‍ അയാള്‍ പ്രൊഡ്യൂസ് ചെയ്ത് അഭിനയിച്ച് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സിനിമ പുറത്തുകൊണ്ടുവരാന്‍ സാധ്യമല്ലാത്തതാണോ? ഒരിക്കലുമല്ല! ഇങ്ങനെയാണ് കച്ചവടം അതിന്റെ കരുക്കള്‍ നീക്കുന്നത്.
ഇപ്പോള്‍ എനിക്ക് ടോവിനോ പറഞ്ഞതിന്റെ പൊരുള്‍ മനസിലായിട്ടുണ്ട്. വഴക്ക്’നിര്‍മിക്കുന്ന സമയത്ത് ടോവിനോ വളര്‍ന്നു വരുന്ന ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു. അന്നത് പുറത്തു വന്നിരുന്നെങ്കില്‍ എനിക്കെതിരെയുള്ള വിരോധം ആയാള്‍ക്കെതിരെ തിരിയുമായിരുന്നു. സൂപ്പര്‍താരത്തിലേക്കുള്ള വളര്‍ച്ചയുടെ പാതയില്‍ ചെറുതായെങ്കിലും അത് ഒരു കല്ലുകടി ആയിരുന്നേനെ. കച്ചവടത്തിന്റെ സമവാക്യങ്ങള്‍ അറിയുന്ന ഒരാള്‍ക്ക് മാത്രമേ കച്ചവടത്തിന്റെ ലോകത്തില്‍ വിജയം വരിക്കാന്‍ സാധിക്കുകയുള്ളു. ടൊവിനോ ചെയ്തത് തെറ്റാണോ? അല്ല. ശരിയാണോ? അല്ല. പിന്നെ എന്താണ്? അധര്‍മമാണ്!
എന്റെ ജീവനുനേരെയുള്ള ഭീഷണികള്‍ ശക്തമായപ്പോള്‍ ഞാന്‍ ആദ്യം ചെയ്തത് എന്റെ എല്ലാ സിനിമകളും വിശ്വസ്തരായ ചില സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുക ആയിരുന്നു. വഴക്കിന്റെ ഉള്‍പ്പെടെ എല്ലാ സിനിമകളുടെയും ഒറിജിനല്‍ കോപ്പിറൈറ്റ് അവകാശം എനിക്കാണെന്നും അവരോട് പറഞ്ഞു. എന്റെ മരണമുണ്ടാകുന്ന പക്ഷം അവ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണം എന്നും പറഞ്ഞു. ഇക്കഴിഞ്ഞ നാലഞ്ചുവര്‍ഷങ്ങള്‍ മരണത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറല്‍ മാത്രമായിരുന്നു എന്റെ ജീവിതം. ഇപ്പോള്‍ മരണമാണ് ജീവിതത്തിന്റെ വാതില്‍ എന്ന തിരിച്ചറിവാണുള്ളത്. അത് കച്ചവടത്തിന്റെ തന്ത്രങ്ങളില്‍ നിന്ന് മുക്തവുമാണ്.