ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ഇംപാക്‌ട് അല്ല ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെ അറസ്റ്റ് ചെയ്താല്‍ ഉണ്ടാകുകയെന്ന യാഥാര്‍ത്ഥ്യമാണ് നരേന്ദ്ര മോദി ഭരണകൂടം തിരിച്ചറിയാതെ പോയത്.
ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കെജ്രിവാളിന്റെ അറസ്റ്റ് ബി.ജെ.പിക്ക് തിരിച്ചടിയാകാനാണ് സാധ്യത. ഇപ്പോള്‍ വൈകിയാണെങ്കിലും സുപ്രീംകോടതി ജാമ്യം നല്‍കിയ സാഹചര്യത്തില്‍, ഇനി തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന യു.പി ഉള്‍പ്പെടെയുള്ള ബി.ജെ.പി ശക്തികേന്ദ്രങ്ങളിലും കെജ്രിവാള്‍ പ്രചരണത്തിന് ഇറങ്ങുന്നത്, വീര പരിവേഷത്തോടെ ആയിരിക്കും. ജയിലില്‍ നിന്നും പുറത്തു വന്ന് ഇന്ത്യാ സഖ്യത്തിന്റെ പ്രചരണമാണ് കെജ്രിവാള്‍ നയിക്കാന്‍ പോകുന്നത്. ഇത് ബി.ജെ.പിയുടെ സകല കണക്കു കൂട്ടലുകളും തെറ്റിക്കുന്ന നീക്കമായി മാറാന്‍ തന്നെയാണ് സാധ്യത.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കലാണ് ബി.ജെ.പി നടത്തുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നതിനിടയിലായിരുന്നു കെജ്രിവാളിന്റെ അറസ്റ്റ്. ഭരണപക്ഷത്തായാല്‍ ഏത് അഴിമതി കേസില്‍പ്പെട്ടവര്‍ക്കും സംരക്ഷണം കൊടുക്കുന്ന ബി.ജെ.പി നിലപാടും പ്രതിപക്ഷം തുറന്നു കാട്ടുന്നുണ്ട്. ഈ പ്രചരണത്തിനാണ് കെജ്രിവാളിന്റെ വരവോടെ മൂര്‍ച്ച കൂടുന്നത്.
കെജ്രിവാളിനു ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്രസര്‍ക്കാരും ഇ.ഡിയും ശക്തമായി എതിര്‍ത്തെങ്കിലും 21 ദിവസത്തെ ജാമ്യം അനുവദിക്കുന്നതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇനി അവശേഷിക്കുന്ന പ്രചരണ യോഗങ്ങളില്‍ കെജ്രിവാളും മോദിയുമാണ് നേര്‍ക്കു നേര്‍ ഏറ്റുമുട്ടാന്‍ പോകുന്നത്. ഇന്ത്യ സഖ്യത്തിലെ വിവിധ പാര്‍ട്ടികള്‍ കെജ്രിവാളിനെ പ്രചരണ രംഗത്തിറക്കാന്‍ മത്സരിക്കുന്ന കാഴ്ചയും വരും ദിവസങ്ങളില്‍ കാണാന്‍ സാധിക്കും.
അതേസമയം ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുര്‍വിനിയോഗത്തിലൂടെ ഭരണത്തില്‍ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയ സുപ്രീം കോടതി തീരുമാനമെന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.