IndiaNEWS

പഞ്ചാബില്‍ മത്സരിക്കാന്‍ ഖലിസ്ഥാന്‍ ഭീകരന്‍ അമൃത്പാലും; സ്വത്ത് 1000 കോടിയെന്ന് സത്യവാങ്മൂലം

ചണ്ഡീഗഡ്:  അസമിലെ ജയിലില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാന്‍ വാദി നേതാവ് അമൃത്പാല്‍ സിങ്ങിന് ആയിരം കോടിയുടെ ആസ്തി. പഞ്ചാബിലെ ഖാദൂര്‍ സാഹിബ് മണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായി ലോക്‌സഭയിലേക്കു മത്സരിക്കാനുള്ള നാമനിര്‍ദേശപത്രികയ്ക്കൊപ്പം വാരിസ് പഞ്ചാബ് ദേയുടെ അധ്യക്ഷന്‍കൂടിയായ അമൃത്പാല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുക്കള്‍ സംബന്ധിച്ച വിവരം പുറത്തുവന്നത്. ജൂണ്‍ ഒന്നിനാണ് പഞ്ചാബിലെ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്.

അമൃത്പാലിനുവേണ്ടി അമ്മാവന്‍ താന്‍ തരണ്‍ വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. അമൃത് പാല്‍ ഇപ്പോഴുള്ളത് അസമിലെ ദിബ്രുഗഡിലുള്ള അതിസുരക്ഷാ ജയിലിലാണ്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 23നാണ് അമൃത്പാലിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. പിടിയാലാകുംവരെ പഞ്ചാബില്‍ വ്യാപകമായി ഖലിസ്ഥാന്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചയാളാണ് അമൃത്പാല്‍ സിങ്.

Signature-ad

അമൃത്സറിലെ ബാബ ബകാലയിലെ റയ്യയിലുള്ള എസ്ബിഐയുടെ ശാഖയില്‍ 1000 കോടിയുണ്ടെന്നാണ് സത്യവാങ്മുലത്തില്‍ പറയുന്നത്. ഇതുകൂടാതെ മറ്റു സ്ഥാവരജംഗമ വസ്തുക്കളും ഇല്ലെന്നും ഇതില്‍ പറയുന്നു. അമൃത്പാലിന്റെ ഭാര്യ കിരണ്‍ദിപ് കൗറിന് 18.37 ലക്ഷത്തിന്റെ സ്വത്തുണ്ട്. ഇതില്‍ കൈവശം 20,000 രൂപയും 14 ലക്ഷം വിലവരുന്ന സ്വര്‍ണാഭരണങ്ങളും ഉണ്ട്. 4,17,440 രൂപ മൂല്യം വരുന്ന 4000 ബ്രിട്ടിഷ് പൗണ്ട്, ലണ്ടനിലെ റെവോലുട്ടിന്റെ അക്കൗണ്ടിലും ഉണ്ടെന്നാണ് സത്യവാങ്മുലം. കിരണ്‍ദിപ് ബ്രിട്ടിഷ് പൗരത്വമുള്ളയാളാണ്. സിങ്ങിനെതിരെ 12 ക്രിമിനല്‍ കേസുകളുണ്ടെങ്കിലും ഒന്നിലും കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടില്ല. പത്താംക്ലാസ് മാത്രമാണ് വിദ്യാഭ്യാസം.

അമൃത്പാലിന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആദ്യം പറഞ്ഞത് അഭിഭാഷകനായ രാജ്‌ദേവ് സിങ് ഖല്‍സയാണ്. കുടുംബാംഗങ്ങള്‍ ജയിലിലെത്തി കഴിഞ്ഞദിവസം അമൃത്പാലിനെ കാണുകയും ചെയ്തു. പിന്നാലെ വ്യാഴാഴ്ച നാമനിര്‍ദേശപത്രിക അമൃത്പാല്‍ കുടുംബത്തിന് ജയിലില്‍വച്ച് ഒപ്പിട്ടു നല്‍കുകയായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 23ന് പിടിയാലാകുംവരെ പഞ്ചാബില്‍ വ്യാപകമായി ഖലിസ്ഥാന്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചയാളാണ് അമൃത്പാല്‍ സിങ്. അനുയായിയായ ലവ്പ്രീത് സിങ് തൂഫാനെ പൊലീസ് കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കാന്‍ അമൃത്സറിന് സമീപമുള്ള അജ്‌നാല പൊലീസ് സ്റ്റേഷന്‍ അമൃത്പാലും ആയിരക്കണക്കിന് വരുന്ന അനുയായികളും ചേര്‍ന്ന് ആക്രമിച്ചതോടെ രാജ്യാന്തര തലത്തില്‍ കുപ്രസിദ്ധനായി.

Back to top button
error: