KeralaNEWS

പരോളിലിറങ്ങി മുങ്ങിയ  കൊലക്കേസ് പ്രതി 20 വര്‍ഷത്തിനുശേഷം ജയിലില്‍ തിരിച്ചെത്തി; ഇടുക്കി സ്വദേശിയായ ഇയാൾ ഒളിവിൽ കഴിഞ്ഞത് വയനാട്ടില്‍

     കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട തങ്കച്ചൻ ജയിലിലാവുന്നത് 2000ത്തിലാണ്.     ഇടുക്കി സ്വദേശിയായ ഇയാൾ 3 വർഷത്തോളം ജയിലിൽ കഴിഞ്ഞു. 2003ൽ പരോളിലിറങ്ങി മുങ്ങിയതാണ് തങ്കച്ചൻ. പിന്നീട് തിരിച്ചെത്തിയില്ല.

വീട്ടിലും നാട്ടിലും പൊലീസ് അരിച്ചു പെറുക്കി. പക്ഷേ കണ്ടെത്താനായില്ല. മറ്റ് പല വഴിക്കും അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. തങ്കച്ചൻ വളരെ വിദഗ്ധമായി മുങ്ങി. ഒരു തുമ്പും ലഭിച്ചില്ല.
ഒടുവിൽ രണ്ടു പതിറ്റാണ്ടിനു ശേഷം തങ്കച്ചൻ സ്വമേധയാ ജയിലിലേക്ക് തിരിച്ചെത്തി. മകളുടെ ഭര്‍ത്താവിനെയും കൂട്ടിയാണ് ഇദ്ദേഹം ജയിലില്‍ എത്തിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഈ അത്യപൂർവ സംഭവം.

ഇത്രയും വർഷം ഒളിവിൽ കഴിഞ്ഞത് വയനാട്ടിലാണെന്ന് തങ്കച്ചൻ പറയുന്നു. വയനാട്ടിലെ എസ്റ്റേറ്റുകളിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇപ്പോൾ കീഴടങ്ങാൻ തീരുമാനിച്ചതിന്റെ കാരണം വ്യക്തമല്ല.

സംസ്ഥാനത്ത് 1990 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ പരോളിലിറങ്ങി മുങ്ങിയത് 67 കൊലക്കേസ് പ്രതികളാണ്. ഇവരിലൊരാളാണ് ഇപ്പോൾ കീഴടങ്ങിയ തങ്കച്ചൻ. മുങ്ങിയ ഈ 67 പേരിൽ ആദ്യത്തെയാൾ മുങ്ങിയിട്ട് 34 വർഷമായി. പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിരാമൻ എന്ന സുബ്രഹ്മണ്യനാണ് മുങ്ങിയത്.  ഏറ്റവും ഒടുവിൽ മുങ്ങിയത് അന്തിക്കണ്ണൻ എന്നറിയപ്പെടുന്ന കൊല്ലം പട്ടത്താനം കൊരയ്ക്കാട്ട് വയലിൽ വീട്ടിൽ അനിൽ കുമാറാണ്. ഇയാളും കൊലക്കേസിൽ ജീവപര്യന്തം ലഭിച്ചയാളാണ്.

കവർച്ച, മാനഭംഗം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിൽ പെട്ടവരും ഇങ്ങനെ മുങ്ങുന്നുണ്ട്. വിചാരണ നേരിടുന്ന 42 പ്രതികൾ ജയിലുകളിൽ നിന്ന് ചാടിപ്പോയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: