ജക്കാര്‍ത്ത: റുവാങ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ദ്വീപില്‍ താമസിച്ചുവന്നിരുന്ന 10,000 പേരെ സ്ഥിരമായി മാറ്റി പാര്‍പ്പിക്കാന്‍ ഇന്തോനേഷ്യ തയ്യാറെടുക്കുന്നു. റുവാങ് അഗ്‌നിപര്‍വം തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്നതിനെത്തുടര്‍ന്ന് ഭാവിയില്‍ ദ്വീപില്‍ താമസിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഇവിടെ നിന്ന് ആളുകളെ സ്ഥിരമായി മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഇന്തോനേഷ്യന്‍ മന്ത്രി പറഞ്ഞു.
വടക്കന്‍ സുലവേസി പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന റുവാങ് ദ്വീപില്‍ ഏകദേശം 98,00 സ്ഥിരതാമസക്കാരുണ്ട്. എന്നാല്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി അഗ്‌നിപര്‍വ്വതില്‍ നിന്ന് ലാവയും ചാരവും കിലോമീറ്ററുകളോളം ആകാശത്തിലും കരയിലും പടര്‍ന്നതോടെ മുഴുവന്‍ താമസക്കാരും ഇവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അതീവ ജാഗ്രതാ നിര്‍ദേശമാണ് ഈയാഴ്ച അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മാനഡോയിലെ വിമാനത്താവളം അടയ്ക്കുകയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് സുഗമമാക്കുന്നതിന് ബൊലാങ് മോംഗോണ്ടോ പ്രദേശത്ത് നൂറുകണക്കിന് വീടുകള്‍ നിര്‍മിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ഇന്തോനേഷ്യന്‍ ഹ്യൂമന്‍ ഡെവല്പമെന്റ് വകുപ്പ് മന്ത്രി മുഹദ്ജീര്‍ എഫെന്‍ഡി പറഞ്ഞു. ലളിതവും എന്നാല്‍ സ്ഥിരമായതുമായ വീടുകളായിരിക്കും നിര്‍മിച്ചു നല്‍കുകയെന്ന് അദ്ദേഹം അറിയിച്ചു. പ്രകൃതി ദുരന്തങ്ങളെ തരണം ചെയ്യുന്ന വീടുകളായിരിക്കും നിര്‍മിക്കുക. ഇതിന് പ്രസിഡന്റ് ജോക്കോ വിഡോഡോ അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റുവാങ് ദ്വീപില്‍ നിന്നും ഏകദേശം 200 കിലോമീറ്റര്‍ അകലെയായാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്.