ആദ്യം പാക്കിസ്ഥാന്റെ വെള്ളംകുടി ആദ്യം മുട്ടിച്ചു, ഇനി ഷോക്ട്രീറ്റ്മെന്റ്!! ഇന്ത്യ സിന്ധു നദീജല കരാറിലൂടെ മുടങ്ങിക്കിടന്ന പല പദ്ധതികളും പൊടിതട്ടിയെടുത്ത് ഇന്ത്യ…ചെനാബിൽ ഡ്രെഡ്ജിംഗ്, ജമ്മു കശ്മീരിലെ രണ്ട് ജല വൈദ്യുത പദ്ധതികൾക്ക് 5,703 കോടിയുടെ അനുമതി

ശ്രീനഗർ: കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറിയതിനു പിന്നാലെ പാക്കിസ്ഥാന് തുടരെത്തുടരെ തുടരെത്തുടരെ തിരിച്ചടി. ഉടമ്പടിയുടെ പേരിൽ കാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന പല പദ്ധതികളും ഇന്ത്യ പൊടിതട്ടിയെടുത്തുതുടങ്ങി.
മുൻപ് കരാർ നിലവിലുണ്ടായിരുന്നപ്പോൾ സിന്ധു, ഝലം, ചെനാബ് നദികളുടെ നിയന്ത്രണം പാക്കിസ്ഥാനും രവി, ബിയാസ്, സത്ലജ് നദികളുടേത് ഇന്ത്യയ്ക്കുമായിരുന്നു. എന്നാൽ കരാർ പിൻവലിച്ചതോടെ ചെനാബ് നദിയിൽ അടക്കം ഇന്ത്യ അണക്കെട്ടുകൾ നിർമിക്കാൻ ആരംഭിച്ചു.
പിന്നാലെ ചെനാബ് നദിയിലെ സലാൽ അണക്കെട്ടിൽ നിന്ന് ചെളി നീക്കാൻ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ (എൻഎച്ച്പിസി) ആരംഭിച്ചു. ഇതിലൂടെ അണക്കെട്ടിൻറെ ശേഷിയും വൈദ്യുതി ഉൽപാദനവും വർധിപ്പിക്കാൻ കഴിയും.
സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിലെ പ്രവർത്തനം സുഗമമാക്കുന്നതിനുള്ള നടപടിയിലേക്ക് കടക്കുന്നത്. അണക്കെട്ടിലെ ആറ് ഗേറ്റുകൾ തുറക്കുകയും ചെളി നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. സിന്ധു നദീജല കരാർ പ്രകാരം അണക്കെട്ടിലെ ഗേറ്റുകൾ തുറക്കാൻ ഇന്ത്യക്ക് അധികാരമുണ്ടായിരുന്നില്ല. ഇതിൻറെ ഫലമായി അണക്കെട്ടിൽ വൻ തോതിൽ ചെളി അടിഞ്ഞുകൂടിയിരുന്നു.
284 മില്യൻ ക്യുബിക് മീറ്ററായിരുന്നു അണക്കെട്ടിൻറെ സ്ഥാപിത ശേഷി. ചെളി നീക്കം ചെയ്യാത്തതോടെ ഇത് 9.91 മില്യൻ ക്യുബിക് മീറ്ററായി ഇടിഞ്ഞു. ഇത് അണക്കെട്ടിലെ വൈദ്യുതി ഉൽപാദനത്തെയും സാരമായി ബാധിച്ചു. കരാറിൽ നിന്ന് പിന്മാറിയതോടെ ശേഷി 14 മില്യൻ ക്യുബിക് മീറ്ററായി ഉയർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ ചെളി നീക്കുന്നതിലൂടെ വൈദ്യുതി ഉൽപാദനം എത്ര കൂടുമെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നാണ് അധികൃതരുടെ വിശദീകരണം. വൈദ്യുതി ഉൽപാദനം വർധിക്കുമെന്നത് ഉറപ്പാണ്. കൃത്യമായ കണക്ക് ലഭിക്കണമെങ്കിൽ ശുചീകരണം പൂർത്തിയാകണം. അണക്കെട്ടിലെ ഗേറ്റുകൾ തുറക്കാൻ കഴിയുമെന്നത് തന്നെ വലിയ കാര്യമാണെന്നും അധികൃതർ വിശദീകരിക്കുന്നു. 690 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് സലാർ ജല വൈദ്യുത പദ്ധതി.
കൂടാതെ ജമ്മു കശ്മീരിലെ രണ്ട് ജല വൈദ്യുത പദ്ധതികൾക്കായി 5,703 കോടി രൂപ അനുവദിക്കാനും എൻഎച്ച്പിസി ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഉറി –1, ദുൽഹസ്തി 2 ജല വൈദ്യുത പദ്ധതികൾക്കാണ് അനുമതി. കരാർ ഒപ്പിട്ടാൽ ഇക്കൊല്ലം മാർച്ച് മുതൽ നിർമാണം തുടങ്ങും.






